
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ വെട്ടിലായി സിപിഎം. മത്സ്യത്തൊളിലാളി സംഘടനകള്‍ക്ക് പിന്നാലെ ക്രൈസ്തവ സഭാനേതൃത്വങ്ങളും സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെ വിവാദം തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമോയെന്നാണ് ആശങ്ക. മത്സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് രോഷം തണുപ്പിക്കാനാണ് സിപിഎം നീക്കം.
ലത്തീന്‍ കത്തോലിക്ക സഭ വികാരി ജനറാള്‍ ഫാ.യൂജിന്‍ പെരേരയുടെ പ്രതികരണം ഒറ്റപ്പെട്ടതന്നെ വിലയിരുത്തലിലായിരുന്നു സിപിഎം. പിന്നാലെ കെസിബിസി കൂടി ശക്തമായ ഭാഷയില്‍ പ്രതികരിച്ചതോടെ സിപിഎം അപകടം തിരിച്ചറിയുന്നു. തീരദേശമേഖലയില്‍ സര്‍ക്കാര്‍ വിരുദ്ധവികാരം രൂപപ്പെട്ടാല്‍ തിരിച്ചടി കനത്തതായിരിക്കുമെന്ന് പാര്‍ട്ടിക്ക് അറിയാം. അതിനാല്‍ എത്രയും പെട്ടന്ന് വിവാദം അവസാനിപ്പിച്ചേ മതിയാകൂ. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന വിശദീകരണമാകും സിപിഎം നല്‍കുന്നത്. അവര്‍ക്കെതിരെ നടപടിയുമുണ്ടാകും. കരാര്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും തീരദേശമേഖലയില്‍ ആശങ്കയുടെ കാര്യമില്ലെന്നും സിപിഎം പി.ബി.അംഗം എസ്.രാമചന്ദ്രന് പിള്ള പ്രതികരിച്ചു.
കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണമല്ല, മല്‍സ്യത്തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്കി എന്നതാണ് രമേശ് ചെന്നിത്തല ശക്തമായി ഉന്നയിക്കുന്നത്. അത് തിരിച്ചറിഞ്ഞാണ് പ്രതിരോധം തീര്‍ക്കാന്‍ സിപിഎം തന്ത്രം മെനയുന്നത്.