
ആഴക്കടല്‍ മല്‍സ്യബന്ധന ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ഉള്‍പ്പെട്ട ഇടപാട് ഉദ്യോഗസ്ഥന് അന്വേഷിച്ചതുകൊണ്ട് പ്രയോജനമില്ല. അമേരിക്കന്‍ കമ്പനിയുമായുള്ള ഉപകരാര്‍ മാത്രം റദ്ദാക്കിയത് ഏത് സമയവും പദ്ധതി തിരിച്ചുകൊണ്ടുവരാനാണെന്നും ചെന്നിത്തല ആരോപിച്ചു.
ഉപകരാര്‍ മാത്രം റദ്ദാക്കിയത് കണ്ണില്‍ പൊടിയിടാനാണന്ന ആക്ഷേപത്തിന് പ്രതിപക്ഷനേതാവ് നിരത്തുന്ന വാദങ്ങള്‍ ഇവയാണ്. റദ്ദാക്കിയത് യാനങ്ങള്‍ നിര്‍മിച്ച് കിട്ടാനായി കമ്പനി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി ഒപ്പിട്ട കരാര്‍ മാത്രമാണ്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിനായി കെ.എസ്.െഎ.ഡി.സിയുമായി ഒപ്പിട്ട കരാര്‍ റദ്ദാക്കിയിട്ടില്ല. കമ്പനിക്ക് ചേര്‍ത്തലയില്‍ നാലേക്കര്‍ ഭൂമി അനുവദിച്ചതും അതേപടി തുടരുന്നു. മല്‍സ്യബന്ധന നയത്തില്‍ വരുത്തിയ മാറ്റം പുനപരിശോധിക്കുന്നതിനെക്കുറിച്ചും മിണ്ടാട്ടമില്ല. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണം വെറും പ്രഹസനമാണ്.
2018 മുതല്‍ പദ്ധതിക്കായി ഗൂഢാലോചന നടന്നു. ഒാണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ക്കും ഈ ഇടപാടില്‍ പങ്കുണ്ട്. തീരദേശ സംഘടനകള്‍ 27 ന് പ്രഖ്യാപിച്ച ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.