
ലാവ്ലിൻ അഴിമതിക്കേസ് സുപ്രീംകോടതി ഇരുപത്തി ആറാം തവണയും മാറ്റി. സി.ബി.ഐയുടെ ആവശ്യപ്രാകാരം ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റിയത്. ഇന്ന് തന്നെ വാദം കേട്ടുകൂടെ എന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചെങ്കിലും സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു അസൗകര്യം അറിയിക്കുകയായിരുന്നു.
ലാവ്ലിന് കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും സി.ബി.ഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സെപ്റ്റംബര്‍ 30ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏഴ് തവണ അന്തിമ വാദത്തിനായി സുപ്രീംകോടതി കേസ് ലിസ്റ്റ് ചെയ്തു. ഏഴ് തവണയും സി.ബി.ഐയുടെ ആവശ്യപ്രകാരം കേസ് മാറ്റി. ഇന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു കേസില്‍ ഹാജരാകുന്നു എന്ന കാരണമാണ് സി.ബി.ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു അറിയിച്ചത്.
ഇന്നത്തെ അവസാന കേസായി പരിഗണിക്കാമെന്ന് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. എങ്കിലും കേസ് അടുത്തയാഴചയിലേക്ക് മാറ്റണമെന്ന് എ.എസ്.ജി ആവര്‍ത്തിച്ചു. എന്നാല്‍ അടുത്തമാസം തിരക്കായിരിക്കുമെന്നും അതിനാല്‍ ലാവ്ലിനില് വാദം കേള്‍ക്കാന്‍ സമയം ഉണ്ടായേക്കില്ലെന്നും കോടതി അറിയിച്ചു. തുടര്‍ന്നാണ് കേസ് ഏപ്രിൽ ആറിന് പരിഗണിക്കാൻ തീരുമാനിച്ചത്. 2017 ഓക്ടോബര്‍ 26നായിരുന്നു മുഖ്യമന്ത്രി പിണറായി വിജനുള്പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്കിയ ഹര്‍ജി ആദ്യമായി സുപ്രീംകോടതി പരിഗണിച്ചത്. മൂന്നരവര്‍ഷത്തിനിടെ ഇരുപത്തിയാറ് തവണ കേസ് പരിഗണിച്ചെങ്കിലും അന്തിമവാദത്തിലേക്ക് കടക്കാനായിട്ടില്ല.
ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ലാവലിന്‍ കേസില്‍ തീര്‍പ്പ് ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. കേസില്‍ സിബിഐ എന്തുകൊണ്ട് മെല്ലെപ്പോക്ക് സ്വീകരിക്കുന്നുവെന്ന ചര്‍ച്ച രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാകും എന്നുമുറപ്പ്. വിഡിയോ സ്റ്റോറി കാണാം.