അന്ത്യശാസന സമയം തീരാറായി; യുഡിഎഫിന് മൗനം; ജോര്‍ജിന് മുന്നിലെ വഴി..?

pc-george-01
SHARE

തന്നെ യുഡിഎഫിലെടുക്കാന്‍ പിസി ജോര്‍ജ് നിശ്ചയിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ വ്യക്തമായ മറുപടി കിട്ടാതെ ത്രിശങ്കുവിലായി പൂഞ്ഞാര്‍പുലി. ഘടകക്ഷിയാക്കാന്‍ തയാറല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മുന്നറിയിപ്പ്. അന്തിമതീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് ജോര്‍ജിന്‍റെ ഇപ്പോഴത്തെ നിലപാട്. 

അന്ത്യശാസനം നല്‍കിയിട്ടും യുഡിഎഫ് നേതൃത്വത്തിന് കുലുക്കമില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പം നിര്‍ത്താമെന്ന് സൗഹൃദസംഭാഷണങ്ങളില്‍ പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണാനില്ല. ഘടകക്ഷിയാക്കുന്നതില്‍ കുറഞ്ഞാരു ഒത്തുതീര്‍പ്പിനും പി.സി. ജോര്‍ജില്ല. യുഡിഎഫ് കൈവിട്ടാല്‍ മറ്റ് സാധ്യതകള്‍ കൂടി പരിശോധിച്ച ശേഷം ഞായറാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും. എന്‍ഡിഎയുടെയും ഇടത് മുന്നണിയുടെയും ഭാഗമാകില്ലെന്ന് വ്യക്തമാക്കിയ ജോര്‍ജ് ഒറ്റയ്ക്ക് പോരാടും. അതേസമയം ആരുടെയും പിന്തുണയും സ്വീകരിക്കും.

പൂ‍ഞ്ഞാറിന് പുറമെ ജനപക്ഷത്തിന് സ്വാധീനമുള്ള പത്തില്‍ കുറയാത്ത മണ്ഡലങ്ങള്‍ മധ്യകേരളത്തിലുണ്ടെന്നാണ് ജോര്‍ജിന്‍റെ അവകാശവാദം. ഇവിടെ ജനപക്ഷം സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ യുഡിഎഫിന് തിരിച്ചടിയാകും. പാലായില്‍ ഷോണ്‍ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ശക്തമാണ്. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പോസ്റ്ററുകളും പ്രചരിച്ച് തുടങ്ങി. നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗമായ ഷോണ്‍ പാലാ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകള്‍ അടങ്ങുന്ന പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ജയിച്ചത്. 

ഷോണ്‍ പാലായിലെത്തിയാല്‍ യുഡിഎഫ് വോട്ടുകള്‍ ചോരാനുള്ള സാധ്യതയും ഏറെയാണ്. കാഞ്ഞിരപ്പള്ളി, റാന്നി, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലും ജനപക്ഷം സ്ഥാനാര്‍ഥികള്‍ യുഡിഎഫിന് വെല്ലുവിളിയാകും. ജോര്‍ജ് എത്തുന്നത് മുന്നണിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. എന്നാല്‍ പൂഞ്ഞാറിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെയും മുസ്‌ലിം ലീഗിന്‍റെയും എതിര്‍പ്പാണ് ജോര്‍ജിന്‍റെ മുന്നണിപ്രവേശനത്തിന് തടസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മണ്ഡലത്തില്‍ നല്‍കിയ സ്വീകരണത്തിലും അണികളും നേതാക്കളും ജോര്‍ജിനോടുള്ള എതിര്‍പ്പ് പ്രകടമാക്കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...