
ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 227 റണ്‍സിന് തോല്പിച്ചു. 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് ഓള് ഔട്ടായി. 17 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സനാണ് ഇന്ത്യയെ തകര്‍ത്തത്. വിദേശത്ത് ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ ആറാം ടെസ്റ്റ് ജയമാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത സജീവമാക്കിയ ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ഗാബ പ്രതീക്ഷിച്ച് ചെപ്പോക്കില്‍ ഇറങ്ങിയ ഇന്ത്യ, 38കാരന് ജെയിംസ് ആന്‍ഡേഴ്സന്റെ റിവേസ് സ്വിങ്ങില് തകര്‍ന്നടിഞ്ഞു. ആന്‍ഡേഴ്സന്റെ ആദ്യ സ്പെല്‍ അവസാനിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്ലും, രഹാനയും ഋഷഭ് പന്തും കളംവിട്ടു. ഇന്ത്യ 110ന് 5. ഏഴാം വിക്കറ്റില്‍ അശ്വിനെക്കൂട്ടി പൊരുതിയ ക്യാപ്റ്റന്‍ കോലി 72 റണ്‍സില്‍ വീണതോെട ഇന്ത്യന്‍ പരാജയം പൂര്‍ണം
15 റണ്‍സെടുത്ത പൂജാരയെ വീഴ്ത്തിയ ജാക്ക് ലീച്ചാണ് അഞ്ചാം ദിനം ഇന്ത്യയ്ക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. ആദ്യ ഇന്നിങ്സില്‍ 4 റണ്‍സ് ശരാശരിയില്‍ 105 റണ്‍സ് വഴങ്ങിയ ലീച്ച് രണ്ടാം ഇന്നിങ്സില്‍ 76 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തി.
100ാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടിയ ജോ റൂട്ടാണ് മല്‍സരത്തിലെ താരം. ഇന്ത്യയിലെ ആദ്യ ടെസ്റ്റ് കളിച്ച ഡോം ബെസ്സ് അഞ്ചുവിക്കറ്റും, ജാക്ക് ലീച്ച് ആറുവിക്കറ്റും വീഴ്ത്തിയത് ഇംഗ്ലീഷ് വിജയത്തില്‍ നിര്‍ണായകമായി.