
ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹതയില്ലെന്ന് കാണിച്ച് സി.ബി.ഐ കുറ്റപത്രം നല്കി. അമിതവേഗം കൊണ്ടുണ്ടായ അപകടമെന്ന നിഗമനത്തിലെത്തിയ സി.ബി.ഐ ഡ്രൈവര്‍ അര്‍ജുനെതിരെ മനപ്പൂര്‍മല്ലാത്ത നരഹത്യക്ക് കേസുമെടുത്തു. കൊലപാതകമെന്ന് കള്ളമൊഴി നല്കിയ കലഭാവന്‍ സോബിക്കെതിരെ കേസെടുക്കാനും സി.ബി.ഐ തീരുമാനിച്ചു. എന്നാല്‍ കണ്ടെത്തല്‍ തൃപ്തികരമല്ലെന്നും വീണ്ടും അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടു.
2018 സെപ്തംബര്‍ ഇരുപത്തിയഞ്ചിന് പുലര്‍ച്ചെയാണ് ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ അപകടമുണ്ടായത്. സ്വാഭാവിക അപകടമെന്ന് പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയെങ്കിലും ബാലുവിന്റെ മാതാപിതാക്കള്‍ തൃപ്തരായിരുന്നില്ല. അവരുടെ ആവശ്യപ്രകാരം തുടങ്ങിയ സി.ബി.ഐ അന്വേഷണവും സമാനനിഗമനത്തിലെത്തിയിരിക്കുകയാണ്. അപകടത്തിന് ഇടയാക്കിയ യാത്ര അമിതവേഗത്തിലായിരുന്നു. അപകടത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് പരിശോധിച്ചെങ്കിലും സാധ്യതകളൊന്നും കണ്ടില്ല. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളും സുഹൃത്തുക്കളുടെ സ്വര്‍ണക്കടത്ത് ബന്ധമെല്ലാം വിശദമായി പരിശോധിച്ചെങ്കിലും അതൊന്നും അപകടത്തിന് വഴിവച്ചിട്ടില്ലെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.
ശാസ്ത്രീയ തെളിവുകള്‍ക്കൊപ്പം 132 സാക്ഷികളുടെയും മൊഴിയെടുത്താണ് അപകടമരണമെന്ന നിഗമനത്തിലേക്കെത്തിയത്. വാഹനം ഓടിച്ചത് ഡ്രൈവറാണെന്ന് വ്യക്തമായതോടെ തൃശൂര്‍ സ്വദേശി അര്‍ജുനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് കുറ്റപത്രം. അതോടൊപ്പം ദൃക്സാക്ഷിയെന്ന് അവകാശപ്പെട്ടെത്തിയ കലാഭവന്‍ സോബി പറഞ്ഞതെല്ലാം കള്ളമായിരുന്നൂവെന്ന് സി.ബി.ഐ കണ്ടെത്തി.
ബാലഭാസ്കറിന്റെ വാഹനം ആക്രമിക്കപ്പെടുന്നത് കണ്ടെന്നും അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ സാന്നിധ്യമെന്നൊക്കെയായിരുന്നു സോബിയുടെ മൊഴി. ഇത് തെറ്റെന്ന് തെളിഞ്ഞതോടെയാണ് സോബിക്കെതിരെ പ്രത്യേകകേസെടുക്കുന്നത്. തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന് നായരുടെയും ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാല്‍ കൊലപാതകമെന്ന നിഗമനത്തില്‍ ഉറച്ച് നില്‍ക്കുന്നൂവെന്നും വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നുമാണ് ബാലഭാസ്കറിന്റെ കുടുംബത്തിന്റെ നിലപാട്.