
കര്‍ഷകസമരം ഇനിയും ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ തീക്കളിയാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ചാണ്ടി. രണ്ടുമാസമായി തെരുവില്‍ കഴിയുന്ന കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. പൊലീസിനേയും പട്ടാളത്തേയും ഉപയോഗിച്ച് കര്‍ഷകരെ അടിച്ചമര്‍ത്താമെന്ന് കേന്ദ്രം കരുതേണ്ട. അന്നമൂട്ടുന്നവരുടെ ആവശ്യങ്ങള്‍ അവഗണിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കര്‍ഷക രോക്ഷത്തിനാണ് റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം സാക്ഷിയായത്. സമാധാനപരമായി ആഹ്വാനം ചെയ്ത റാലി അക്ഷരാര്‍ഥത്തില്‍ തെരുവ് യുദ്ധമായി.
റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ നിന്ന് ബാരിക്കേഡുകള്‍ ഭേദിച്ച് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി. മുന്‍കൂട്ടി നിശ്ചയിച്ച റൂട്ട് മാറി നൂറ്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ ഹൃദയഭാഗങ്ങളില്‍ നിലയുറപ്പിച്ചതാണ് ഉച്ചയോടെ വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. കര്‍ഷകര്‍ ട്രാക്ടറുകളുമായി പൊലീസിന് നേര്‍ക്ക് തിരിഞ്ഞത് വലിയ ആശങ്ക പരത്തി.
ചെങ്കോട്ടയിലേക്ക് ഇരച്ചെത്തിയ കര്‍ഷകര്‍ അവിടെ സ്വന്തം പതാകയുയര്‍ത്തി. ഇതിനിടയിലാണ് ഐടിഒയില്‍ ട്രാക്ടറുമായി പോയ കര്ഷകന് മരിച്ചത്. പൊലീസ് വെടിവെപ്പിലാണ് യുവാവ് മരിച്ചതെന്ന് സഹോദരന് ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്ഷകന് മരിച്ചതെന്നാണ് പൊലീസ് വിശദീകരണം.