പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്; ഇനി പോരാട്ടം പുറത്ത്

pinarayi-assembly-2
SHARE

പതിനാലാം നിയമസഭയുടെ അവസാനസമ്മേളനം ഇന്ന് അവസാനിക്കും. സംഘര്‍ഷഭരിതമായ അഞ്ച് വര്‍ഷങ്ങള്‍ക്കൊടുവില്‍ സ്്പീക്കര്‍ക്കെതിരെയുള്ള പ്രമേയത്തിനുകൂടി വേദിയായാണ് സഭ പിരിയുന്നത്. ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിന്‍റെ തിടുക്കത്തിലും തിരക്കിലുമാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. ബജറ്റ് സമ്മേളനത്തോടെ പതിനാലാം കേരള നിയമസഭയുടെ അവസാനസമ്മേളനത്തിനും തിരശീല വീഴുകയാണ്. 2021- 2022 വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചെങ്കിലും നിയമസഭയുടെ കാലാവധി തീരുന്നതിനാല്‍ നാല് മാസത്തെ വോട്ടോണ്‍ അകൗണ്ട് മാത്രമാണ് പാസാകുക. അവസാന നിയമ നിര്‍മാണമായി ശ്രീനാരായണഗുരു ഒാപ്പണ്‍സര്‍വകലാശാല ബില്ലും സഭ പാസാക്കും.

രാഷ്ട്രീയ വിവാദങ്ങള്‍,  കടുത്ത പ്രതിഷേധങ്ങള്‍,  കേരളം നേരിട്ട പ്രകൃതി ദുരന്തങ്ങള്‍, നിപ്പയുടെയും കോവിഡിന്‍റേയും അസാധാരണസാഹചര്യം  ഇങ്ങനെ കേരളം കടന്നുപോയ കഠികാലങ്ങളെല്ലാം സഭാ തലത്തിലും പ്രതിഫലിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയിലാദ്യം, രമേശ്ചെന്നിത്തലക്കും പ്രതിപക്ഷ നേതാവിന്‍റെ കുപ്പായം ആദ്യം നല്‍കിയത് പതിനാലാം സഭയാണ്. 

സ്്പീക്കര്‍സ്ഥാനത്ത് യുവമുഖമായി പി.ശ്രീരാമകൃഷ്ണനും നിയമസഭയെ നയിക്കാനെത്തി. സഭ അവസാനിക്കുന്നതാകട്ടെ സ്്പീക്കര്‍ക്കെതിരെയുള്ള പ്രമേയത്തിനുകൂടി വേദിയായ ശേഷം. സര്‍ക്കാരിനെതിരായ ഒരു അവിശ്വാസ പ്രമേയവും ഇക്കാലയളവില്‍ സഭക്ക് മുന്നിലെത്തി. ആറ് അടിയന്തര പ്രമേയങ്ങള്‍ ചര്‍ച്ചചെയ്ത 14ാം സഭ 100 ലേറെ നിയമ നിര്‍മാണങ്ങളും നടത്തി.

കെ.മുരളീധരന്‍, ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, കെ.എം.ആരിഫ് എന്നീ എം.എല്‍എമാര്‍ പാര്‍ലമെന്‍റിലേക്ക് പോയതും പതിവില്ലാത്ത അനുഭവമായി.  ഇ സഭ, സഭാ ടിവി, ലോകകേരളസഭ തുടങ്ങിയ പരിചിതമല്ലാത്ത പുത്തന്‍ ആശയങ്ങളും അവക്കൊപ്പമെത്തിയ വിവാദങ്ങളും ഉയര്‍ന്നുവന്നതും ഇക്കാലത്താണ്. തോമസ് ചാണ്ടി, കെ.എം.മാണി, എന്‍.വിജയന്‍പിള്ള, കെ.രാമചന്ദ്രന്‍നായര്‍, ടി.എ.അബ്ദുള്‍ റസാഖ് , കെ.വി.വിജയദാസ് എന്നീഅംഗങ്ങള്‍ വിട പറഞ്ഞതും ഈ കാലയളവില്‍. സമീപകാലത്തെ ഏറ്റവും സംഭവ ബഹുലമായ നിയമസഭയാണ് കാലാവധി പൂര്‍ത്തിയാക്കിക്കൊണ്ട് തിരഞ്ഞെടുപ്പിന് വേദിയൊരുക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...