
കാക്കനാട് ജയിലിലെ റിമാന്‍ഡ് പ്രതി ഷെഫീഖിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. തലയ്ക്കേറ്റ ക്ഷതവും തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവവും മരണകാരണമായെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. അതേസമയം കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന മധ്യമേഖല ജയില്‍ ഡി.ഐ.ജി ജയിലിലെത്തി പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി.
കോട്ടയം മെഡിക്കല്‍ കോളജില്‍വച്ച് മരിച്ച കാഞ്ഞിരപ്പള്ളിക്കാരന് ഷെഫീഖിന്റെ തലയുടെ മുന്‍ഭാഗത്ത് മുകളിലായാണ് ക്ഷതമേറ്റിരിക്കുന്നത്. തുടര്‍ന്ന് തലയ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. തലയിലെ പരുക്കുകള്‍ എങ്ങിനെ ഉണ്ടായെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പരുക്കുകളില്ല. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി ഡോ. രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഇതിനിടെ, ഷെഫീഖിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് ജയില്‍വകുപ്പ് നടത്തുന്ന അന്വേഷണം ആരംഭിച്ചു. മധ്യമേഖല ജയില്‍ ഡി.ഐ.ജി സാം തങ്കയ്യന് ജയില്‍വകുപ്പിന്റെ കാക്കനാട് ബോസ്്റ്റല് സ്കൂളിലെ കോവിഡ് സെന്ററിലെത്തി പ്രാഥമിക പരിശോധന നടത്തി. സെന്ററിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികളുടെ ഭാഗമായി കോട്ടയത്ത് ആയിരുന്ന സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനുശേഷമേ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് ഡി.ഐ.ജി പറഞ്ഞു. ഷെഫീഖിനെ ചികില്‍സിച്ച ആശുപത്രികളിലും അന്വേഷണം നടത്തും.
രാവിലെ എറണാകുളം സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. കാണാനെത്തിയ സബ് കലക്ടറോട് പൊലീസ് മര്‍ദനമാണ് മരണകാരണമെന്ന് കുടുംബം ആവര്‍ത്തിച്ചു. ഷെഫീഖിന്റെ മരണത്തില്‍ പൊലീസും സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്.