
സ്വർണക്കടത്തിൽ ആക്ഷേപങ്ങളുമായി പ്രതിപക്ഷം മുഖ്യമന്ത്രിയെ കടന്നാക്രമിച്ചപ്പോൾ രോഷാകുലനായി തിരിച്ചടിച്ച് മുഖ്യമന്ത്രി. അധോലോക നായകനെന്നും പുത്രീ വാൽസല്യത്താൽ അന്ധനായി മാറിയ ധൃതരാഷ്ട്രരെന്നും മുഖ്യമന്ത്രിയെ പ്രതിപക്ഷം വിശേഷിപ്പിച്ചു. ഒരു തെറ്റും ചെയ്തിട്ടില്ലന്ന് പറയാനുള്ള കരുത്ത് തന്റെ നെഞ്ചിനുണ്ടെന്നും താൻ പ്രത്യേക ജനുസാണെന്നും പിണറായി വിജയൻ മറുപടി നൽകി. തള്ള് അൽപം കുറയ്ക്കണമായിരുന്നെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
ലാവലിൻ ഇടപാട് മുതൽ ഉറ്റ സുഹൃത്തായ ശിവശങ്കർ ചെയ്ത കുറ്റങ്ങളിലെല്ലാം മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ആരോപിച്ച് തുടങ്ങിയ പി.ടി. തോമസ് ജയിലിൽ പോകുന്ന ആദ്യ മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ സ്വപ്ന പങ്കടുത്തോ കുടുംബാഗങ്ങളെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തോ തുടങ്ങിയ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്കും കടന്നു.
നിയമസഭ പൂരപ്പറമ്പാക്കിയ പി.ടി. തോമസ് വളഞ്ഞ വഴിയിൽ തെറി വിളിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മകളുടെ വിവാഹത്തിൽ സ്വപ്ന വന്നിടില്ലന്നും കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ലന്നും മറുപടി നൽകി.പ്രതിപക്ഷത്തെ പോലെ പണം കാണുമ്പോൾ ആർത്തി പണ്ടാരമാകുന്നവരല്ലന്നും പ്രത്യേക ജനുസന്നും പറഞ്ഞ് രോഷാകുലനായി. ആക്ഷേപവും തിരിച്ചടിയും കടുത്തതോടെ ഭരണ പ്രതിപക്ഷ ബഹളമായി.
അന്വേഷണ എജൻസിയെ കണ്ടപ്പോൾ ഓടിയത് ഞങ്ങളല്ലന്ന് പറഞ്ഞ് മുഖ്യമന്ത്രി തന്നെ പി.ടി. തോമസിനെ പരിഹസിച്ചു. വായടപ്പിക്കാമെന്ന് കരുതണ്ടന്നും സ്വർണക്കടത്തിൽ പോരാട്ടം തുടരുമെന്നും പ്രഖ്യപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.