കര്‍ഷക വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ താൽപര്യമില്ല; ഭൂപീന്ദര്‍ സിങ് മന്‍ പിന്‍മാറി

Bhupinder-Singh-Mann-Farmer
SHARE

കര്‍ഷകസമരത്തിന് പരിഹാരം കാണാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറി. കര്‍ഷകരുടെ വികാരം പരിഗണിച്ചാണ് തീരുമാനമെന്ന് മന്‍ അറിയിച്ചു. കേന്ദ്രവും കര്‍ഷകസംഘടനകളും തമ്മിലുള്ള ഒന്‍പതാംവട്ട ചര്‍ച്ച നാളെ നടക്കും. അതേസമയം, കര്‍ഷകപ്രക്ഷോഭം അന്‍പതാം ദിവസത്തിലേക്ക് കടന്നപ്പോള്‍ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് സംഘടനകള്‍ പ്രഖ്യാപിച്ചു. 

സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്റെ അധ്യക്ഷനായ ഭൂപീന്ദര്‍ സിങ് മന്‍. തുടക്കത്തില്‍ നിയമത്തെ പിന്തുണച്ചിട്ടുള്ള മന്നിനെപ്പോലുള്ളവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് കേന്ദ്രത്തിന്റെ താല്‍പര്യപ്രകാരമാണെന്ന് സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പിന്മാറ്റം. കര്‍ഷക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലെന്ന് മന്‍ അറിയിച്ചു. തീരുമാനം സുപ്രീംകോടതിയെ അറിയിക്കും. തുടര്‍ന്ന് കോടതി പുതിയ അംഗത്തെ നിയോഗിക്കും. കേന്ദ്രമന്ത്രിമാരും കര്‍ഷകസംഘടനകളും തമ്മില്‍ നാളെ നിശ്ചയിച്ചിട്ടുള്ള ചര്‍ച്ചയ്‍ക്ക് മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കേന്ദ്രത്തിന്റെ അനുര‍ഞ്ജന ചര്‍ച്ചകള്‍ തുടരുന്നതിന് സുപ്രീംകോടതി ഉത്തരവ് തടസമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. 

അതേസമയം, റിപ്പബ്ളിക്ദിനത്തില്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി നടക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. റിപ്പബ്ളിക്ദിന പരേഡ് നടക്കുന്ന രാജ്പഥിലൂടെയോ ഡല്‍ഹിക്കകത്തോ റാലി നടത്തില്ല. നഗരത്തിന്റെ അതിര്‍ത്തികളിലാകും റാലി. ഇതിന്റെ മറ്റ് വിവരങ്ങള്‍ മറ്റന്നാള്‍ പ്രഖ്യാപിക്കും. കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘം രാജസ്ഥാന്‍–ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ നാളെ എത്തിച്ചേരും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...