
സംസ്ഥാനത്ത് വിതരണത്തിനുളള കോവിഡ് വാക്സീന്റെ ആദ്യബാച്ച് കൊച്ചിയിലും തിരുവനന്തപുരത്തുമായി എത്തിച്ചു. രാവിലെ നെടുമ്പാശേരിയിലെത്തിയ വിമാനത്തില്‍ മൂന്നുലക്ഷം ഡോസ് വാക്സീനാണ് എത്തിച്ചത്. ഇതില്‍ 15 പെട്ടി വാക്സീൻ എറണാകുളം ജനറൽ ആശുപത്രിയിലും 10 പെട്ടി കോഴിക്കോട്ട് മലാപ്പറമ്പ് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലും എത്തിച്ചു. വൈകിട്ട് ആറുമണിയോടെയാണ് വാക്സീനുമായി വിമാനം തിരുവനന്തപുരത്ത് എത്തിയത്. 1.34 ലക്ഷം ഡോസുകളാണ് തിരുവനന്തപുത്ത് എത്തിച്ചത്. വാക്സീന്കൊണ്ടുപോയ വാഹനങ്ങള്‍ക്ക് വിമാനത്താവളത്തിന് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി.
ഇതിനിടെ, രാജ്യത്തെ കോവിഡ് വാക്സീനേഷന് ശനിയാഴ്ച്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷനും കുത്തിവയ്പ്പ് നടപടികളും ഏകോപിപ്പിക്കാന്‍ തയ്യാറാക്കിയ കോവിന്‍ ആപ്പ് പ്രധാനമന്ത്രി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കും. ഒാണ്‍ലൈനായാണ് പരിപാടി. പ്രധാനമന്ത്രി കുത്തിവയ്പ്പ് സ്വീകരിക്കാന്‍ സാധ്യത വിരളമാണ്. ജനപ്രതിനിധികള്‍ക്ക് മുന്‍ഗണനയില്ലെന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വിപുലമായ വാക്സീനേഷനാണ് രാജ്യം ശനിയാഴ്ച്ച തുടക്കം കുറിക്കുന്നത്.