
നിയമസഭ സീറ്റ് വിഭജന ചർച്ചകൾക്ക് ഇന്നത്തെ യു ഡി എഫ് യോഗത്തിൽ തുടക്കമാകും. മുന്നണി വിപുലീകരണവും തദേശ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വോട്ടുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും ചർച്ചയാകും. പ്രതിപക്ഷ നേതാവിന്റ വസതിയിൽ രണ്ടു മണിക്കാണ് യോഗം
മുന്നണി വിട്ടു പോയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റേയും ലോക് താന്ത്രിക് ജനതാദളിന്റേയും സീറ്റുകളിലാണ് എല്ലാവരുടേയും കണ്ണ്. പരസ്യമായും രഹസ്യമായും ഘടകകക്ഷികൾ ഇതിനായി അവകാശ വാദം ഉന്നയിച്ച് കഴിഞ്ഞു. ഇന്നത്തെ യോഗത്തിൽ മണ്ഡലം തിരിച്ചുള്ള ചർച്ച ഉണ്ടായില്ലെങ്കിലും ഉഭയകക്ഷി ചർച്ചയുടെ തീയതി തീരുമാനിച്ചേക്കും. പി സി ജോർജും പി സി തോമസും ഉൾപ്പടെയുള്ളവരെ മുന്നണിയിൽ ചേർക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. പാലാ സീറ്റ് കിട്ടിയില്ലെങ്കിൽ എൻ സി പി ഇടതുമുന്നണി വിടുമെന്ന് തന്നെയാണ് യുഡിഎഫിന്റ പ്രതീക്ഷ. മറ്റ് ചില ചെറു കക്ഷികളും മുന്നണിയുടെ ഭാഗമാകാൻ താൽപര്യം കാണിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റ നേതൃത്വത്തിൽ തുടങ്ങുന്ന കേരള യാത്രയുടെ ക്രമീകരണങ്ങൾ തീരുമാനിക്കും.
പ്രകടന പത്രിക തയാറാക്കാൻ സമിതിയെ തിരഞ്ഞെടുക്കും. തദേശ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വോട്ടുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസും ഘടക കക്ഷികളും തുടരുകയാണ്. ഇതിന്റ പുരോഗതി വിലയിരുത്തും. കോൺഗ്രസിലെ തർക്കങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും ഘടകകക്ഷികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലെടുത്ത നടപടികൾ കോൺഗ്രസ് നേതാക്കൾ യോഗത്തിൽ വിശദീകരിക്കും.