
പത്തനംതിട്ട നഗരസഭയിലെ സിപിഎം– എസ്ഡിപിഐ രഹസ്യധാരണ പുറത്ത്. നഗരസഭയിൽ ഒരുസ്ഥിരം സമിതി എസ്ഡിപിഐക്ക് നല്കി. സ്ഥിരം സമിതിയിലെ അഞ്ചഗംങ്ങളില് 3 പേര് എസ്ഡിപിഐ പ്രതിനിധികളാണ്. മുൻധാരണപ്രകാരമാണ് വിദ്യാഭ്യാസ – കായിക സ്ഥിരം സമിതിയിലേക്ക് 3 അംഗങ്ങളും ഒരു പാർട്ടിയിൽ നിന്നു വരുന്ന വിധത്തിൽ വീതിച്ചത്.
തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുവലതുമുന്നണികള് 13 സീറ്റു വീതം നേടിയയെങ്കിലും എസ്.ഡി.പി.ഐയുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി ഭരണംപിടിച്ചെതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഒരുസ്ഥിരം സമിതി എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചതിലൂടെ വ്യക്തമാകുന്നത്. അഞ്ചഗംങ്ങള് ഉള്ള സ്ഥിരം സമിതിയില്‍ 3 എസ്.ഡി.പി.ഐ പ്രതിനിധികളെ ഉള്‍പ്പെടുത്തിയത് മുന്ധാരണാപ്രകാരമാണ്. എസ്.ഡി.പി.ഐ പിന്തുണയോടെ ജയിച്ച ആമിനാ ഹൈദരലിയെ വൈസ് ചെയര്‍പേഴ്സണാക്കിയതും, വോട്ടെടുപ്പില്‍ നിന്ന് എസ്.ഡി.പി.ഐ വിട്ടുനിന്നതും ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു.
എന്നാല്‍ ആമിന ഹൈദരലി സ്വതന്ത്രയാണെന്ന ന്യായീകരണമായിരുന്നു സി.പി.എം നിരത്തിയത്. ചിഹ്നത്തില്‍ മല്‍സരിച്ച മുന്ന് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ആമിനാ ഹൈദരാലിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചതിനൊപ്പം ആമിനാഹൈദരാലി എസ്.ഡി.പി.ഐ സ്വതന്ത്രയാണെന്നവകാശപ്പെട്ട് എസ്.ഡി.പി.ഐ വാര്‍ത്താക്കുറിപ്പും ഇറക്കിയിരുന്നു. ഭരണംനേടുന്നതില് അകമഴിഞ്ഞ് സഹായിച്ച എസ്.ഡി.പി.ഐക്കുള്ള അംഗീകാരമായി സ്ഥിരംസമിതി സ്ഥാനം. 15നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്.