
ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി വായ്പയെടുത്ത് കടക്കെണിയിലായ തൃശൂരിലെ അന്പതുകാരന് കുടുംബം തന്നെ നഷ്ടമായി. ഗതികെട്ട യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയാതെ വീട്ടുകാര്‍ ഒറ്റപ്പെടുത്തിയ എം.പി. മോഹന്‍ദാസ് ഇപ്പോള്‍ ഗുരുവായൂരിലെ ലോഡ്ജില്‍ ജീവനക്കാരനായി കഴിയുകയാണ്. ഓണ്‍ലൈന്‍ വായ്പാ ചതിയില്‍ കുടുങ്ങി ജീവിതം കൈവിട്ടുപോയ നൂറുകണക്കിന് മലയാളികള്‍ക്കിടയിലെ വല്ലാത്ത ദുരന്തചിത്രമാണ് മോഹന്‍ദാസ്. മനോരമ ന്യൂസ് പരമ്പര തുടരുന്നു.
പ്രോജക്ടര്‍ ഓപ്പറേറ്ററായി ജോലിചെയ്ത സിനിമാ തീയറ്റര്‍ ലോക്ഡൗണില്‍ പൂട്ടി വരുമാനം നിലച്ചപ്പോഴാണ് ദൈനംദിന ചിലവുകള്‍ക്കായി ഓണ്‍ലൈന്‍ വായ്പയെ ആശ്രയിച്ചത്. ആരുടെ മുന്നിലും കൈനീട്ടാന്‍ അഭിമാനബോധം അനുവദിക്കാതെ വന്നപ്പോള്‍ ഫോണില്‍ വന്ന ലിങ്കില്‍ ക്ലിക്കുചെയ്ത് വായ്പക്ക് അപേക്ഷിച്ചു. വെറും 3000നാണ് ശ്രമിച്ചത്, കിട്ടിയത് 2100 മാത്രം.
ഫോണിലെ തെറിവിളി എല്ലാ പരിധിയും കടന്നപ്പോള്‍ വീണ്ടും കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വായ്പയെടുത്തു. അവ തിരിച്ചടയ്ക്കാന്‍ വീണ്ടും വായ്പകള്‍. എഴുപതിനായിരം രൂപയോളം ഇങ്ങനെ സംഘടിപ്പിച്ചു. പലിശയും പ്രോസസിങ് ഫീസും എന്ന പേരില്‍ ചോദിക്കുന്നത് എടുത്തതിന്റെ അഞ്ചിരട്ടിയിലധികം.
ഇതിലെല്ലാം വലിയ ചതിയാണ് വായ്പായിടപാടുകാര് പിന്നെ ചെയ്തത്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൊടുത്ത പെര്‍മിഷനുകളുടെ മറവില്‍ മോഹന്‍ദാസിന്റെ ഫോണിലെ നമ്പറുകള്‍ ശേഖരിച്ച് ഭാര്യ അടക്കം ബന്ധുക്കളെ വിളിച്ച് ഭീഷണി തുടങ്ങി. ഭീമമായ തുകയുടെ കണക്കുകേട്ട് അവരുടെ കണ്ണുതള്ളി. കേട്ടുകേള്‍വിയില്ലാത്ത തരം വായ്പായിടപാടും ഒരുനാട്ടിലുമില്ലാത്ത പലിശകണക്കും പറഞ്ഞു ഫലിപ്പിക്കാന്‍ ഇദ്ദേഹത്തിനായതുമില്ല.
മോഹന്‍ദാസിന്റെ ഫോണില്‍ സേവുചെയ്തിരുന്ന ബന്ധുക്കളുടെ ഫോണ്‍ നമ്പറുകള്‍ കോര്‍ത്തിണക്കി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഘം പിന്നെ അതിലേക്ക് നാണംകെടുത്തുന്ന സന്ദേശങ്ങളം അയച്ചു തുടങ്ങി. ഇതോടെ കുടുംബത്തില്‍ ഒറ്റപ്പെട്ടു. വീട്ടില്‍ നിന്നിറങ്ങേണ്ടി വന്നു. ജീവനക്കാരനായി കഴിയുന്ന ലോഡ്ജിലാണ് ഒടുവില്‍ ഞങ്ങള്‍ മോഹന്‍ദാസിനെ കണ്ടത്.