പിഴ ലക്ഷ്യം തികച്ചില്ല; ഉദ്യോഗസ്ഥര്‍ക്ക് മെമോ; 3 ദിവസത്തിനകം വിശദീകരണം നൽകണം

mvd-fine
SHARE

കോവിഡ് കാലത്ത് വാഹനയാത്രക്കാരെ പിഴിയാന്‍ നിര്‍ദേശവുമായി മോട്ടോര്‍വാഹനവകുപ്പ്. കൂടുതല്‍ വാഹനങ്ങള്‍ പരിശോധിച്ച്  മാസം നാലുലക്ഷം രൂപ ഒരു ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായും പിരിച്ചെടുത്തിരിക്കണമെന്നാണ് നിര്‍ദേശം. ഇത് ‌പാലിക്കാത്ത കോട്ടയം ജില്ലയിലെ 26 ഉദ്യോഗസ്ഥരോട് മൂന്നുദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. മെമോയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.  

കോവിഡ് കാലമാണെന്നോ, പിഴയടയ്ക്കാന്‍ പണമില്ലെന്നോ പറഞ്ഞിട്ട് കാര്യമില്ല, നിരത്തിലെ നിസാര നിയമലംഘനങ്ങള്‍ക്ക് പോലും ഇനി പിടിവീഴും. ടാര്‍ഗറ്റ് തികയ്ക്കാന്‍ ഇതല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് വേറെ വഴിയില്ല. ഒരു മാസം അഞ്ഞൂറ് വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കിയിരിക്കണമെന്നും നാല് ലക്ഷം രൂപയെങ്കിലും പിരിച്ചെടുക്കണമെന്നുമാണ് നിര്‍ദേശം. അങ്ങനെയെങ്കില്‍ 1500 വാഹനങ്ങളെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ പരിശോധിക്കേണ്ടിവരും. 2019 നവംബര്‍ 25 നാണ് ടാര്‍ഗറ്റ് നിശ്ചയിച്ച് മോട്ടോര്‍വാഹനവകുപ്പ് ഉത്തരവിറക്കിയത്. കോവിഡ് കാരണം വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെ വരുമാനവും  കുറഞ്ഞു. 

പിന്നീട് വാഹനങ്ങള്‍ നിരത്തിലിറങ്ങിത്തുടങ്ങിയതോടെ നിസാരകാര്യങ്ങള്‍ക്ക് പോലും പിഴ ഈടാക്കിത്തുടങ്ങി. ഇതിനിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് പരിശോധനയുടെ എണ്ണം കുറച്ചത്. ഇതാണ് ഉദ്യോഗസ്ഥര്‍ക്ക്  വിനയായത്. ടാര്‍ഗറ്റ് തികയ്ക്കാത്തതിന്റ പേരില്‍ കോട്ടയം ജില്ലയിലെ 26 പേരോടാണ് മൂന്നുദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പോലും മെമോ നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ടാര്‍ഗറ്റ് നല്‍കിയിട്ടില്ലെന്ന മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം കൂടിയാണ് ഇതോടെ പൊളിയുന്നത് 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...