
മലപ്പുറം പന്താവൂരില്‍ കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കള്‍ അറസ്റ്റിൽ. വട്ടംകുളം സ്വദേശികളായ എബിൻ, സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദിനെ ജൂണ്‍ മാസം പതിനൊന്നാം തീയതി കാണാതായിരുന്നു.
മൊബൈല്‍ സാമഗ്രികളുടെ ജീവനക്കാരനായിരുന്ന ഇര്‍ഷാദിന് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ അഞ്ചുലക്ഷം രൂപ വാങ്ങി. ഇത് തിരികെ ചോദിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഇര്‍ഷാദിനെ കൊലപ്പെടുത്തിയത്. ഇർഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റിൽ തള്ളിയതായാണ് സൂചന.
നാളെ പരിശോധന നടത്തി ഇത് കണ്ടെത്തേണ്ടതുണ്ട്. ജില്ലാ പൊലീസ് മേധാവി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു.