51കാരിയെ കൊന്നത് ഷോക്കടിപ്പിച്ച്; 28കാരനായ ഭര്‍ത്താവിന്‍റെ ക്രൂരപദ്ധതി

shakhi-murder-03
SHARE

തിരുവനന്തപുരം കാരക്കോണത്ത് അമ്പത്തിയൊന്നുകാരിയായ ഭാര്യയെ ഇരുപത്തിയെട്ടുകാരനായ ഭര്‍ത്താവ് വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തി. ശാഖികുമാരിയെയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അരുണിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രായം കൂടിയ ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലനടത്തിയതെന്ന് അരുണ്‍ ഏറ്റുപറഞ്ഞതായി പൊലീസ് അറിയിച്ചു. സ്വത്ത് തട്ടിയെടുക്കല്‍ ലക്ഷ്യമാണോയെന്നും അന്വേഷിക്കുന്നു. 

51 കാരിയെ ഇരുപത്തിയെട്ടുകാരന്‍ കല്യാണം കഴിക്കുന്നു. അപൂര്‍വമായ ആ വിവാഹബന്ധം രണ്ട് മാസം പിന്നിടുമ്പോഴേക്കും ക്രൂരമായ കൊലയിലേക്കെത്തുന്നു. കാരക്കോണത്തിനടുത്ത് ത്രേസ്യാപുരം എന്ന ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുക്കമിതാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ശാഖിയെ മരിച്ച നിലയില്‍ അയല്‍ക്കാര്‍ കാണുന്നത്. വൈദ്യുതാഘാതമേറ്റെന്ന് പറഞ്ഞ് അരുണ്‍ അയല്‍ക്കാരെ വിളിക്കുകയായിരുന്നു. 

എങ്ങിനെയാണ് വൈദ്യുതാഘാതമേറ്റതെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ ഉത്തരം പറഞ്ഞതും മരിച്ചിട്ട് ഏതാനും മണിക്കൂറായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതും സംശയത്തിനിടയാക്കിയതോടെ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു. അരുണിനെ കസ്റ്റഡിയിലെടുത്ത് വെള്ളറട സി.ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ഷോക്കടിപ്പിച്ച് കൊന്നതായി സമ്മതിച്ചു. ക്രിസ്മസ് ആഘോഷത്തിനായി വാങ്ങിയ വയറുകള്‍ പ്ളഗില്‍ ഘടിപ്പിച്ച് ഹാളിലിട്ടു. രാവിലെ ഉറക്കമെണീറ്റ ശാഖി അത് എടുത്ത് മാറ്റാന്‍ ശ്രമിച്ചതോടെ വൈദ്യുതാഘാതമേറ്റ് വീണെന്നാണ് അരുണിന്റെ മൊഴി. വിവാഹമോചനത്തിന് തയാറാകാത്തതാണ് കൊലയ്ക്ക് കാരണമെന്നും മൊഴിയുണ്ട്. 51 കാരിയെ കല്യാണം കഴിച്ചതില്‍ സുഹൃത്തുക്കള്‍ കളിയാക്കുന്നതായി പറഞ്ഞ് അരുണ്‍ വഴക്കിട്ടിരുന്നതായി കാര്യസ്ഥനും സാക്ഷ്യപ്പെടുത്തി. 

ആശുപത്രിയില്‍വച്ച് പരിചയപ്പെട്ടാണ് ഇരുവരും കല്യാണം കഴിച്ചത്. ശാഖിയുടെയും ആദ്യവിവാഹമാണ്. ശാഖിക്ക് ധാരാളം സ്വത്തുണ്ട്. അത് തട്ടിയെടുക്കാനുള്ള നീക്കമാണോ കല്യാണവും കൊലപാതകമെന്നും അന്വേഷിക്കുന്നുണ്ട്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...