
കഴിഞ്ഞ ദിവസം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത് രണ്ടു കോടി 21 ലക്ഷം രൂപ. ഇതില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്നാണെന്നും കണ്ടെത്തി. ഹാത്രസിലേക്ക് പോയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പന് ഉള്‍പ്പെട്ട സംഘത്തിന് പണം നല്‍കിയത് റൗഫ് ഷെരീഫാണെന്നും ഇവരുടെ യാത്ര ആസൂത്രിതമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കൊല്ലം അഞ്ചല്‍ സ്വദേശി റൗഫ് ഷെരീഫിനെ കഴിഞ്ഞദിവസമാണ് എന്‍ഫോഴ്സ്മെന്റ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്നത്. വിദേശത്ത് നിന്ന് റൗഫിന്റെ അക്കൗണ്ടിലേക്ക് ദുരൂഹ പണമിടപാട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റൗഫിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. രണ്ടു കോടി 21 ലക്ഷം രൂപയാണ് റൗഫിന്റെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി കണ്ടെത്തിയത്. ഒരു കോടി 35 ലക്ഷം രൂപ കണ്ടെത്തിയ ഒരു അക്കൗണ്ടില്‍ ഈ വര്‍ഷം ഏപ്രില്‍ ജൂണ്‍ മാസങ്ങളിലായി 29 ലക്ഷം രൂപ വിദേശത്ത് നിന്ന് വന്നു. മറ്റൊരക്കൗണ്ടില്‍ ഉണ്ടായിരുന്ന 67 ലക്ഷം രൂപയില്‍ 19 അര ലക്ഷം വിദേശഫണ്ടാണെന്നും കണ്ടെത്തി. മൂന്നാമത്തെ അക്കൗണ്ടിലുണ്ടായിരുന്നത് 20 ലക്ഷം രൂപയാണ്.
ഈ പണത്തില്‍ നിന്നാണ് ഹാത്രസിലേക്ക് പോകാന്‍ കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖര്‍ റഹ്മാന്റെ അക്കൗണ്ടിലേക്ക് റൗഫ് പണമയച്ചത്. മലയാളി മാധ്യമപ്രവര്ത്തന് സിദ്ധിഖ് കാപ്പനൊന്നിച്ച് പോകാന്‍ നിര്‍ദേശം നല്കിയതും റൗഫ് ആയിരുന്നു. ചോദ്യം ചെയ്യലില്‍ കാംപസ്ഫ്രണ്ട് ട്രഷറര്‍ അതീഖറിനെ അറിയില്ലെന്ന് സിദ്ധിക് കാപ്പന് പറഞ്ഞെന്നും എന്നാല്‍ ഒരു വര്‍ഷമായി സിദ്ധിഖ് കാപ്പനെ അറിയാമെന്ന് അതീക്കര് വെളിപ്പെടുത്തിയെന്നും എന്‍ഫോഴ്മെന്റ് പറയുന്നു. ഹാത്രസിലേക്കുള്ള ഇവരുടെ യാത്ര മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും യാത്രയ്ക്ക് പിന്നില്‍ ഗൂഢലകഷ്യങ്ങളുണ്ടെന്നും എന്‍ഫോഴ്സമെന്റ് അവകാശപ്പെട്ടു. അറസ്റ്റിലായ കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.