
കോഴിക്കോട് കൊയിലാണ്ടി കീഴരിയൂരില്‍ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെതിരെ ഗുണ്ടാ ആക്രമണം. കൊയിലാണ്ടി കാവുംപട്ടം സ്വദേശി മുഹമ്മദ് സാലിഖിന് നേരെയാണ് വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് സംഭവം. രണ്ടരമാസം മുന്‍പ് സാലിഖ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് റജിസ്റ്റര്‍ വിവാഹം ചെയ്തു. ആദ്യം വധുവിന്റെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഒടുവില്‍ മതപരമായ ചടങ്ങ് നടത്താന്‍ സമ്മതം അറിയിച്ചു. അങ്ങനെയാണ് വരനും സംഘവും ഇന്നലെയെത്തിയത്. വരുന്ന വഴി വധുവിന്റെ രണ്ട് അമ്മാവന്മാരുടെ നേതൃത്വത്തിലുള്ള സംഘം കാര്‍ തടഞ്ഞു നിറുത്തി.
വാളും ഇരുമ്പ് വടികളുമായി ആക്രമിച്ചു. ചില്ലുകള്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരുക്കേറ്റു. പൊലീസെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇതിന് മുന്‍പും സമാനമായ രീതിയില്‍ ഏറ്റുമുട്ടിയതിന് ഇവര്‍ക്കെതിരെ കേസുണ്ട്. വധശമ്രത്തിന് കേസെടുത്ത പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ്. സംഘര്‍ഷത്തിന് ശേഷം നിക്കാഹും നടത്തിയാണ് വരനും സംഘവും മടങ്ങിയത്.