
കോവിഡില്‍ ജീവിതം വഴിമുട്ടി കരള്‍ രോഗികള്‍. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരെ കടുത്ത പ്രതിസന്ധിയിലാക്കി തുടര്‍ചികില്‍സാ മാര്‍ഗങ്ങള്‍ പൂര്‍ണമായും അടഞ്ഞു. കരള്മാറ്റിവച്ച രോഗികളുടെ കോവിഡ് ചികില്‍സാ ചെലവ് ഏറ്റെടുക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ചു നില്‍ക്കുയാണ് സര്‍ക്കാരും. സജ്നയുടെ തേങ്ങലത്രയും സഹോദരി ഷംനയെ ഒാര്‍ത്താണ്. ആറ്റിങ്ങല്‍ സ്വദേശിയായ ഷംന കരള്‍ മാറ്റിവച്ചത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. ഇപ്പോള്‍ കോവിഡ് ബാധിച്ചപ്പോഴും ചികില്‍സയ്ക്ക് ഷംനയ്ക്ക് അതേ ആശുപത്രിയെ തന്നെ ആശ്രയിക്കേണ്ടിന്നു. മുന്നു ദിവസം കൊണ്ട് ചികില്‍സാ ചെലവ് ഒരുലക്ഷം പിന്നിട്ടു. ഷംനയുടെ പത്തുവര്‍ഷത്തെ ചികില്‍സയ്ക്ക് കുടുംബം െചലവിട്ടതാകട്ടെ ഒരുകോടിയിലേറെ രൂപയും . ഇനിയങ്ങോട്ട് എന്തെടുത്ത് കൊടുക്കുമെന്ന ആലോചനയിലാണ് ആശുപത്രി വരാന്തയില്‍ സഹോദരിക്ക് കാവലിരിക്കുന്ന സജ്നയും സഹോദരനും.
ഇനി ലിവര്‍ ഫൗണ്ടേഷന് എറണാകുളം ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണനെ കൂടി അറിയാം. ടാക്സി ഡ്രൈവറായിരുന്ന ഉണ്ണികൃഷ്ണന് കരള്‍ മാറ്റിവച്ചത് രണ്ടുവര്‍ഷം മുമ്പ് . ഇപ്പോള്‍ കോവിഡ് ഭയന്ന് മാസങ്ങളായി വീട്ടില്‍ അടച്ചിരിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ മിക്കവരുടേയും അവസ്ഥ ഇതാണ്. കോവിഡ് ബാധിച്ചാലും ഇവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാനാകില്ല. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രി തന്നെ അഭയം. പക്ഷേ ചികില്‍സാ ചെലവോര്‍ക്കുമ്പോള്‍ ബോധക്ഷയം വരുമെന്നതാണ് സ്ഥിതി. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് ഈ കോവിഡ് കാലത്തെങ്കിലും സര്‍ക്കാര്‍ കൈത്താങ്ങാകണമെന്നാണ് ലിവര്‍ ഫൗണ്ടേഷന്റെ അഭ്യര്‍ഥന.