രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി; പരമ്പര ഓസീസിന്

kohli-2
SHARE

ഓസ്ട്രേലിയൻ പര്യടനത്തിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയ ഇന്ത്യ, ഏകദിന പരമ്പര ഓസീസിന് അടിയറവു വച്ചു. 51 റൺസ് വിജയത്തോടെയാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 390 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക്, നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 338 റൺസ് മാത്രം. ഇതേ വേദിയിൽ നടന്ന ആദ്യ മത്സരത്തിലും കൂറ്റൻ സ്കോർ നേടിയ ഓസീസ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.

മറുവശത്ത്, ചേസിങ്ങിൽ അസാമാന്യ മികവു കാട്ടാറുള്ള ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 87 പന്തുകൾ നേരിട്ട കോലി, ഏഴു ഫോറും രണ്ടു സിക്സും സഹിതം 89 റൺസെടുത്ത് പുറത്തായി. ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ കോലിയെ പുറത്താക്കാൻ മോയ്സസ് ഹെൻറിക്വസ് എടുത്ത ഉജ്വല ക്യാച്ചാണ് മത്സരഫലം നിർണയിച്ചത്. കോലിക്കു പുറമെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലും ഇന്ത്യയ്ക്കായി അർധസെഞ്ചുറി നേടി. 66 പന്തുകൾ നേരിട്ട രാഹുൽ, നാലു ഫോറും അഞ്ച് സിക്സും സഹിതം 76 റൺസെടുത്തു. മായങ്ക് അഗർവാൾ (26 പന്തിൽ 28), ശിഖർ ധവാൻ (23 പന്തിൽ 30), ശ്രേയസ് അയ്യർ (36 പന്തിൽ 38), ഹാർദിക് പാണ്ഡ്യ (31 പന്തിൽ 28), രവീന്ദ്ര ജഡേജ (11 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു പ്രധാന ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. മുഹമ്മദ് ഷമി (ഒന്ന്), ജസ്പ്രീത് ബുമ്ര (0), നവ്ദീപ് സെയ്നി (പുറത്താകാതെ 10), യുസ്‌വേന്ദ്ര ചെഹൽ (പുറത്താകാതെ നാല്) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ പ്രകടനം.

ഓസ്ട്രേലിയയ്ക്കായി പാറ്റ് കമിൻസ് 10 ഓവറിൽ 67 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഷ് ഹെയ്‌ൽവുഡ് ഒൻപത് ഓവറിൽ 59 റൺസ് വഴങ്ങിയും ആദം സാംപ 10 ഓവറിൽ 62 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മോയ്സസ് ഹെൻറിക്വസിനാണ് ഒരു വിക്കറ്റ്.

ഇന്ത്യൻ നിരയിൽ മോശമാക്കിയെന്ന് കുറ്റപ്പെടുത്താൻ ഒരു ബാറ്റ്സ്മാൻ പോലുമില്ല. എന്നിട്ടും തോറ്റുപോയതിനു പിന്നിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഓസീസ് ബാറ്റിങ്ങിനു മുന്നിൽ നിരായുധരായിപ്പോയ ബോളർമാർ തന്നെ. തകർപ്പൻ ക്യാച്ചുകളുമായി കളം നിറഞ്ഞ ഓസീസ് ഫീൽഡർമാർക്കും കൊടുക്കണം കയ്യടി. ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ട ക്യാപ്റ്റൻ വിരാട് കോലിയെ പുറത്താക്കാൻ മോയ്സസ് ഹെൻറിക്വസും നിലയുറപ്പിച്ചുവന്ന ശ്രേയസ് അയ്യരെ പുറത്താക്കാൻ സ്റ്റീവ് സ്മിത്തും എടുത്ത ക്യാച്ചുകൾ ഉദാഹരണം.

നേരത്തെ, തുടർച്ചയായ രണ്ടാം ഏകദിനത്തിലും അതിവേഗ സെഞ്ചുറി കുറിച്ച മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഇന്ത്യയ്‌‌ക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്താൻ ഓസീസിനെ സഹായിച്ചത്.  62 പന്തിൽനിന്ന് സെഞ്ചുറി തികച്ച സ്മിത്തിന്റെ മികവിൽ, ഇത്തവണ ഓസീസ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത് 390 റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 389 റൺസെടുത്തത്.

ഇന്ത്യൻ നിരയിൽ ബോൾ ചെയ്ത ഏഴു പേരും ഓവറിൽ ശരാശരി ആറു റൺസിനു മുകളിൽ വഴങ്ങി. ജസ്പ്രീത് ബുമ്ര 10 ഓവറിൽ 79 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും മുഹമ്മദ് ഷമി ഒൻപത് ഓവറിൽ 73 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്നി ഏഴ് ഓവറിൽ 70 റൺസും യുസ്‌വേന്ദ്ര ചെഹൽ ഒൻപത് ഓവറിൽ 71 റൺസും വഴങ്ങി. രവീന്ദ്ര ജഡേജ 10 ഓവറിൽ 60 റൺസ് വഴങ്ങിയപ്പോൾ, ഒരു ഓവർ ബോൾ ചെയ്ത മായങ്ക് അഗർവാൾ 10 റൺസ് വിട്ടുകൊടുത്തു.

ഓസീസ് നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയ ആദ്യ അഞ്ച് പേരും അർധസെഞ്ചുറി പിന്നിട്ടെന്ന പ്രത്യേകതയുമുണ്ട്. ഇതിൽ സെഞ്ചുറി കടന്നത് സ്മിത്ത് മാത്രം. സ്മിത്ത് 64 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതം 104 റൺസെടുത്തു. കഴി‍ഞ്ഞ മത്സരത്തിലും സ്മിത്ത് 62 പന്തിൽനിന്നാണ് സെഞ്ചുറി നേടിയത്. സ്മിത്തിനു പുറമെ ഓപ്പണർമാരായ ഡേവിഡ് വാർണർ (83), ആരോൺ ഫിഞ്ച് (60), മാർനസ് ലബുഷെയ്ൻ (70) ഗ്ലെൻ മാക്സ്‍വെൽ (പുറത്താകാതെ 63) എന്നിവരുടെ അർധസെഞ്ചുറികളും ഓസീസ് ഇന്നിങ്സിന് കരുത്തായി. മോയ്സസ് ഹെൻറിക്വസ് രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യൻ ബോളർമാർ ഒരിക്കൽക്കൂടി കാഴ്ചക്കാരായി മാറിയ മത്സരത്തിൽ ഓസീസ് ഓപ്പണർമാർ വീണ്ടും സെഞ്ചുറി കൂട്ടുകെട്ട് തീർത്തു. 22.5 ഓവറിൽ ഡേവിഡ് വാർണർ – ആരോൺ ഫിഞ്ച് സഖ്യം അടിച്ചെടുത്തത് 142 റൺസ്. ഈ അടിത്തറയിൽനിന്ന് പിന്നാലെ വന്നവരെല്ലാം തകർത്തടിച്ചതോടെയാണ് ഓസീസിന് കൂറ്റൻ സ്കോർ സ്വന്തമായത്. വാർണർ 77 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 83 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഫിഞ്ച്, ഇത്തവണ 69 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 60 റൺസെടുത്തു.

നാലാം വിക്കറ്റിൽ തകർത്തടിച്ച് 80 റൺസ് നേടിയ മാർനസ് ലബുഷെയ്ൻ – ഗ്ലെൻ മാക്സ്‍വെൽ സഖ്യമാണ് ഓസീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വെറും 45 പന്തിൽനിന്നാണ് ലബുഷെയ്ൻ – മാക്സ്‍വെൽ സഖ്യം 80 റൺസടിച്ചത്. ലബുഷെയ്ൻ 61 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 70 റൺസെടുത്തു. അവസാന ഓവറുകളിൽ സിക്സർ മഴ പെയ്യിച്ച മാക്സ്‍വെൽ, 29 പന്തിൽ 63 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു വീതം സിക്സും ഫോറും ഉൾപ്പെടുന്നതാണ് മാക്സ്‍വെലിന്റെ ഇന്നിങ്സ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...