
കേന്ദ്ര മന്ത്രിസഭാ പുന:സംഘനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയെ രാജ്യസഭ സ്ഥാനാർഥിയാക്കി ബിജെപി. കേന്ദ്ര മന്ത്രിയായിരുന്ന റാംവിലാസ് പസ്വാന്റെ മരണത്തോടെ ഒഴിവുവന്ന ബിഹാറിൽ നിന്നുള്ള സീറ്റിലേയ്ക്കാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പസ്വാന്റെ ഭാര്യ റീനയെ സ്ഥാനാർഥിയാക്കണമെന്ന എൽജെപി ആവശ്യം ബിജെപി തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വിട്ട് മൽസരിച്ച ചിരാഗ് പസ്വാന്റെ നീക്കത്തിൽ ജെഡിയുവിനുള്ള കടുത്ത അതൃപ്തി കൂടി കണക്കിലെടുത്താണ് രാജ്യസഭാ സീറ്റ് ബിജെപി തിരികെ എടുത്തത്. ഡിസംബർ 14നാണ് തിരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ മൽസരിച്ച് ജയിച്ചതോടെയാണ് അദ്ദേഹത്തിന്റെ രാജ്യസഭാ സീറ്റ് എൽജെപിക്ക് നൽകിയത്.