
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തിലും തളര്‍ച്ച രേഖപ്പെടുത്തിയതോടെ ഇന്ത്യ മാന്ദ്യത്തിേലയ്ക്ക് കടന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍വരെയുള്ള പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്പാദനം 7.5 ശതമാനമാണ് ചുരുങ്ങിയത്. ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ ജിഡിപി 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) ജൂലൈ–സെപ്റ്റംബർ കാലയളവിൽ 7.5 ശതമാനം ഇടിഞ്ഞതായാണ് റിപ്പോർട്ട്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ സാമ്പത്തിക പാദത്തിൽ 23.9 ശതമാനം റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
കോവിഡ് കാരണം വളർച്ച മന്ദഗതിയിലായ സമ്പദ്വ്യവസ്ഥയിൽ 8.6% – 11% വരെ ജിഡിപി ചുരുങ്ങുമെന്നാണു വിവിധ ഏജൻസികൾ പ്രവചിച്ചിരുന്നതിനാൽ ഇത് തിരിച്ചുവരവിന്റെ ലക്ഷണമായാണ് കാണുന്നത്. എന്നാൽ, രണ്ടു വട്ടം തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക്( ടെക്നികൽ റിസഷൻ) നീങ്ങുന്നുവെന്നാണ് നാഷനൽ സ്റ്റാറ്റിക്സ് പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു.
ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയിൽ 8.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നാല് ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും മോശം അവസ്ഥയാണിതെന്നാണ് റിപ്പോർട്ട്. ഏപ്രിൽ–ജൂൺ, ജൂലൈ– സെപ്റ്റംബർ, ഒക്ടോബർ–ഡിസംബർ, ജനുവരി–മാർച്ച് എന്നിവയാണ് സാമ്പത്തിക കണക്കുകൂട്ടലുകളിലെ ത്രൈമാസ പാദങ്ങൾ. തുടർച്ചയായി രണ്ടാം പാദത്തിലും സാമ്പത്തിക രംഗം തളർച്ച രേഖപ്പെടുത്തുന്നതോടെ ഇന്ത്യൻ സമ്പദ്രംഗം 'മാന്ദ്യം' എന്ന അവസ്ഥയിലെത്തുമെന്നു റിസർവ് ബാങ്ക് പഠനറിപ്പോർട്ട് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡ് വാക്സീൻ വരുന്നതോടെ അടുത്ത സാമ്പത്തിക വർഷത്തിൽ സമ്പദ്ഘടനെ ഉത്തേജിപ്പിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആത്മനിർഭർ പദ്ധതിയുടെ കീഴിൽ ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. കോവിഡ് ലോക്ഡൗണിൽ തകർന്ന സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും അഭിപ്രായപ്പെട്ടിരുന്നു.