പിഴവില്ലെന്ന് ആരോഗ്യവകുപ്പും; ഗുരുതര ആരോപണവുമായി ബന്ധുക്കൾ

harris-death
SHARE

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജൻ കിട്ടാതെ കോവിഡ് രോഗി മരിച്ചെന്ന പരാതിയില്‍ ചികിൽസാ പിഴവില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. രോഗികള്‍ മരിച്ചത് കോവിഡ് മൂര്‍ച്ഛിച്ചാണെന്നും ആരോപണമുന്നയിച്ച ഡോക്ടര്‍ക്ക് തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തുടരന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് ബന്ധുക്കളെ അറിയിച്ചു. അധികൃതരുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ഓഫിസർ ജലജാ ദേവിയുടെ ശബ്ദ സന്ദേശത്തിലൂടെ മറനീക്കിയ ചികിൽസാ പിഴവിന്റെ പ്രാഥമിക അന്വേഷണമാണ് കളമശേരി പൊലീസ് അവസാനിപ്പിച്ചത്. ഈ മാസം ആദ്യം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ ഇരുപതിന് മരിച്ച  മട്ടാഞ്ചേരിക്കാരൻ ഹാരിസിന്റെ പേരെടുത്തു പറഞ്ഞാണ് ജലജാ ദേവി ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ജാഗ്രതാ സന്ദേശമിട്ടത്. ഓക്സിജൻ കിട്ടാതെ ഹാരിസ് മരിച്ചുവെന്ന സന്ദേശം പുറഞ്ഞുവന്നതിന് പിന്നാലെ ബന്ധുക്കൾ നൽകിയ പരാതിയിൽ കഴമ്പില്ലായെന്ന് കണ്ടെത്തിയെന്നും തുടർ നടപടി അവസാനിപ്പിക്കുന്നതായും പൊലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാൽ പൊലീസ് വാദം അംഗീകരിക്കുന്നില്ലെന്നും, ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കാതെയാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു.

ഹാരിസിന്റെ ബന്ധുക്കളുടെ പരാതിയിൽ കളമശേരി മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുപ്പതോളം ജീവനക്കാരുടെ മൊഴിയെടുത്തു. വെളിപ്പെടുത്തലിന് പിന്നാലെ സസ്പെൻഷനിലായ ജലജാദേവിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...