സ്പ്രിന്‍ക്ലര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സർക്കാർ നീക്കം; ന്യായങ്ങള്‍ ഇങ്ങനെ

pinarayi-vijayan-sprinklr-2
SHARE

സ്പ്രിന്‍ക്ലറിന് കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കം. കരാര്‍ നല്‍കിയതിലെ നടപടിക്രമത്തില്‍ വീഴ്ചയുണ്ടോ എന്നത് ഉള്‍പ്പടെ പരിശോധിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മൂന്നംഗ സമിതിയെ നിയോഗിച്ചു. ആദ്യസമിതിയുടെ റിപ്പോര്‍ട്ടും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങളും പരിശോധിക്കാനെന്ന പേരിലാണ് പുതിയ സമിതിയെ വച്ചത്. രണ്ടുമാസത്തിനകം പുതിയ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണം

റിട്ട. ജില്ലാ ജഡ്ജി കെ.ശശിധരന്‍ നായര്‍, ഹൈദരാബാദ് JNTUH എന്‍ജിനീയറിങ് കോളജില്‍ നിന്ന് വിരമിച്ച ഡോ. എ.വിനയബാബു, തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ ഡോ. ഉമേഷ് ദിവാകരന്‍ എന്നിവരാണ് പുതിയ സമിതിയിലെ അംഗങ്ങള്‍. നടപടി ക്രമങ്ങള്‍ പാലിച്ചാണോ സ്പ്രിന്‍ക്ലറിന് കരാര്‍ നല്‍കിയത്, കോവിഡിന്റെ അസാധാരണ സാഹചര്യത്തിലും കരാര്‍ നീതീകരിക്കാനാവുമോ, വിവരസുരക്ഷ ഉറപ്പാക്കാന്‍ എന്തുചെയ്യണം, മാധവന്‍നമ്പ്യാര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് വിശകലനം ചെയ്യുക, ഭാവിയിലേക്ക് മാര്‍ഗരേഖ തയ്യാറാക്കി നല്‍കുക എന്നിവയാണ് പരിഗണനാവിഷയങ്ങള്‍. 

സമാനമായ പരിഗണനാവിഷയങ്ങള്‍ തന്നെയായിരുന്നു മാധവന്‍ നമ്പ്യാര്‍ കമ്മിറ്റിക്കും നല്‍കിയത്.  മാധവന്‍ നമ്പ്യാര്‍ മുന്‍ കേന്ദ്ര ഐ.ടി സെക്രട്ടറിയും അംഗമായ ഗുല്‍ഷന്‍ റോയ് സൈബര്‍ സുരക്ഷാ വിദഗ്ധനുമാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വിവര സുരക്ഷ ഉറപ്പുവരുത്താനും വിശദമായ നിര്‍ദേശങ്ങളും ആദ്യസമിതി നല്‍കിയിരുന്നു. എന്നാല്‍ അവര്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ വച്ചതാണ് സംശയം ജനിപ്പിക്കുന്നത്. 

സ്പ്രിന്‍ക്ലറിന് കരാര്‍ നല്‍കിയതിലെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്ന കാര്യം ഇന്ന് ഇറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നു. ഈ റിപ്പോര്‍ട്ടില്‍ പറയാത്ത നിയമപരവും ഭരണപരവും വിവരസാങ്കേതിക വിദ്യയെ സംബന്ധിച്ചുമുള്ള കാര്യങ്ങളാണ് പുതിയ കമ്മിറ്റി പരിശോധിക്കേണ്ടതെന്നും ഉത്തരവിലുണ്ട്. എന്നാല്‍ സ്പ്രിന്‍ക്ലറിന് കരാര്‍ നല്‍കിയതില്‍ വീഴ്ചയുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് പരിഗണനാവിഷയങ്ങളില്‍ സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...