
മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം നൽകിയതാണെന്നു കേരള സർവകലാശാല. മന്ത്രിയുടെ പ്രബന്ധം സംബന്ധിച്ച പരാതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ളയുടെ പരിശോധനക്ക് കൈമാറിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ബിരുദം ചട്ടപ്രകാരമാണ് നൽകിയതെന്ന വിശദീകരണം വിസി നൽകിയത്.
മന്ത്രിയുടെ പ്രബന്ധം മൗലികമല്ല, അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുണ്ട് എന്നായിരുന്നു സേവ് യൂണിവേഴ്സിറ്റി സമിതി നല്കിയ പരാതി. പരാതിയിൽ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ അന്വേഷിക്കുവാൻ വിസി തയ്യാറായില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസലിയാരുടെയും പങ്കിനെക്കുറിച്ചു തയാറാക്കിയ പ്രബന്ധത്തിനാണ് കെ.ടി .ജലീൽ 2006 ൽ പിഎച്ച്ഡി നേടിയത്. ഗവേഷണ പ്രബന്ധങ്ങളിൽ തെറ്റുകളും കുറവുകളും ഉണ്ടാവുക സ്വാഭാവികമാണെന്നായിരുന്നുമന്ത്രിയുടെ ഇക്കാര്യത്തിലെ പ്രതികരണം.