വെഞ്ഞാറമ്മൂട്ടില്‍ 2 സ്ഥാനാർഥി; നേതൃത്വത്തിന് വിമര്‍ശനം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Deepa-Anil-Sunitha-Kumari
SHARE

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെഞ്ഞാറമ്മൂട് ഡിവിഷനില്‍ ദീപ അനിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസിലെ പൊട്ടിത്തെറി അവസാനിക്കുന്നില്ല. പ്രാദേശിക ഐ വിഭാഗം സ്ഥാനാര്‍ഥിയാക്കിയ സുനിതകുമാരി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ തീരാനിരിക്കെ സുനിത കുമാരിയെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. 

പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റ സമര്‍ദങ്ങള്‍ക്ക് മുന്നില്‍ കെ.പി.സി സി വഴങ്ങിയില്ല. പ്രസിഡന്റ് നിര്‍ദേശിച്ച ദീപ അനില്‍ തന്നെ വെഞ്ഞാറമ്മൂട്ടില്‍ സ്ഥാനാര്‍ഥിയായി. ദിവസങ്ങളായി തുടരുന്ന തര്‍ക്കത്തിന് പരിഹാരം കണ്ടെന്ന് ആശ്വസിക്കാമെങ്കിലും നേതൃത്വത്തിന്റ തീരുമാനത്തിനെതിരെ താഴേത്തട്ടില്‍  അതൃപ്തി പുകയുകയാണ്. 

പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സുനിത കുമാരിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം കെ.പി.സി.സിയുടെ അനുമതി ലഭിച്ചതോടെ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ദീപ അനില്‍ വോട്ടുചോദിച്ച് ഇറങ്ങി. പക്ഷെ പ്രാദേശിക നേതാക്കളില്‍ ഭൂരിഭാഗവും പ്രചാരണത്തില്‍ നിന്ന്  വിട്ടുനില്‍ക്കുകയാണ്.

പാര്‍ട്ടി നേതൃത്വത്തിന്റ അനുമതിയില്ലാതെയാണ് സുനിതകുമാരി പ്രചാരണത്തിനിറങ്ങിയതെന്നാണ് കെ.പി.സി സിയുടെ നിലപാട്. സുനിത കുമാരിയെത്തെന്ന സ്ഥാനാര്‍ഥിയാക്കണമെന്ന് വാമനപുരം ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടെങ്കിലും  നേതൃത്വം ചെവിക്കൊണ്ടില്ല. കഴിഞ്ഞതവണ എല്‍.ഡി.എഫിനായിരുന്നു ഇവിടെ ജയം.   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...