'നിയമങ്ങളെ വെല്ലുവിളിച്ച് ആറാടാമെന്ന് കരുതേണ്ട'; ഇഡിക്കെതിരെ വീണ്ടും ഐസക്ക്

issac-new-post
SHARE

കിഫ്ബിയില്‍ എന്‍ഫോഴ്സ്മെന്‍റ്  അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. ഇഡിയുടെ നടപടി നിയമസഭയോടുള്ള അവഹേളനമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇഡിയും സിഎജിയും ഗൂഢാലോചന നടത്തുന്നു. ഇവിടുത്തെ നിയമങ്ങളെ വെല്ലുവിളിച്ച് ആറാടാമെന്ന് ഇഡി കരുതേണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.

കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇഡിയെന്ന് ധനമന്ത്രി ആരോപിച്ചു. ഇഡി മാധ്യമങ്ങള്‍ക്കയച്ച വാട്സാപ് സന്ദേശം ഇതിന് തെളിവാണ്. ഗൂഢാലോചനയുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഐസക് പറഞ്ഞു.

മസാല ബോണ്ടിറക്കി വിദേശത്ത് നിന്ന് വായ്പയെടുക്കാന്‍  അനുമതി നല്‍കിയതിന്‍റെ  വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ആര്‍ബിഐയ്ക്ക് കത്ത് നല്‍കി. വിദേശത്തുനിന്ന് വായ്പയെടുക്കാന്‍ കേന്ദ്രഅനുമതിയുണ്ടോ എന്നും ഫെമ നിയമത്തിന്‍റെ ലംഘനം നടന്നിട്ടുണ്ടോ എന്നുമാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ പ്രാഥമിക പരിശോധന.

മസാല ബോണ്ടിറക്കി വിദേശത്ത് നിന്ന് കിഫ്ബി 2150 കോടി  രൂപ വായ്പയെടുത്തത് ഭരണഘടനാ ലംഘനമാണെന്ന സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ ചുവട് പിടിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാത്തതിനാല്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  കേസ് രജിസ്റ്റര്‍ ചെയ്യാതെയുള്ള പ്രാഥമികമായ വിവരം തേടലാണ് നടക്കുന്നത്.   ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടിറക്കാനും 2150 കോടി സമാഹരിക്കാനും റിസര്‍വ് ബാങ്ക് അനുമതിയുണ്ടോ എന്നാണ് ആദ്യഘട്ട പരിശോധന. 

മസാലാബോണ്ടിന്‍റെ അനുമതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കത്തുകളുടെയും അപേക്ഷകളുടേയും പകര്‍പ്പും  മറുപടിയും നല്‍കാന്‍ എന്‍ഫോഴ്സ്മന്‍റ് റിസര്‍വ് ബാങ്കിനോട്  ആവശ്യപ്പെട്ടു. മസാലാബോണ്ടിറക്കാന്‍ എന്‍ഒസി മാത്രമാണുള്ളത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് മതിയെന്നാണ് സര്‍ക്കാരിന്‍റെ വാദം. 

ഇതില്‍ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ടിന്‍റെ ലംഘനം നടന്നിട്ടുണ്ടോ എന്നും കേന്ദ്രസര്‍ക്കാരിന്‍റെ പ്രത്യേക അനുമതി വേണമോ എന്നും  എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കും. ലംഘനം വ്യക്തമായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് കടക്കും.  സംസ്ഥാന സര്‍ക്കാരുകള്‍ വിദേശത്ത് നിന്ന് േനരിട്ട് ധനസമാഹരണം നടത്താന് പാടില്ലെന്ന ഭരണഘടന അനുച്ഛേദം കിബ്ഫി ലംഘിച്ചെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. എന്നാല്‍ സര്‍ക്കാരിന് ബാധകമായ നിയന്ത്രണങ്ങള്‍ കോര്‍പറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

എന്നാൽ ധനമന്ത്രി കേന്ദ്ര ഏജന്‍സികളെ എതിര്‍ക്കുന്നത് കിഫ്ബിയിലെ അഴിമതി പുറത്താകുമെന്ന ഭയം മൂലമെന്ന് ബിജെപി. കിഫ്ബിയില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. കിഫ്ബിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ടെണ്ടർ നടപടികൾ പാലിച്ചില്ലെന്നും കരാറുകള്‍ സിപിഎമ്മിന് ബന്ധമുള്ളവർക്ക് നല്‍കിയെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...