ദുരുപയോഗം ഒഴിവാക്കും: ഡി.ജി.പി; കരിനിയമം എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം

dgp-pinarayi
SHARE

പൊലീസ് നിയമഭേദഗതി നടപ്പിലാക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് ഡി.ജി.പിയും.  നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാകും നടപടിക്രമം നിശ്ചയിക്കുന്നത്. ദുരുപയോഗം ഒഴിവാക്കാനാണ് നടപടിയെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വിവാദം കനത്തതിന് പിന്നാലെ പൊലീസ് നിയമഭേദഗതിയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രിയും പ്രസ്താവനയില്‍ അവകാശപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനും എതിരല്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. സൈബര്‍ ആക്രമണങ്ങളേ നിയന്ത്രിക്കാനെന്ന പേരില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പൊലീസ് നിയമത്തിലെ ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങാവുമെന്ന് ആശങ്ക ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 

സൈബര്‍ മാധ്യമം എന്ന് പരാമര്‍ശിക്കാതെ എല്ലാ വിനിമയോപാധികള്‍ക്കും ബാധകമെന്ന് വ്യക്തമാക്കി വിഞ്ജാപനം പുറത്തിറങ്ങി. വ്യാജ വാര്‍ത്തയെന്ന് ആര് പരാതി നല്‍കിയാലും ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കാന്‍ നിയമഭേദഗതിയോടെ പൊലീസിന് അധികാരമായി. അശ്ളീല വീഡിയോ പ്രസിദ്ധീകരിച്ചയാള്‍ക്ക് ഭാഗ്യലക്ഷമി നല്‍കിയ ഈ അടി സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള വടിയാക്കി മാറ്റി പിണറായി വിജയന്‍ സര്‍ക്കാര്‍ എന്ന ആക്ഷേപമാണ് ശക്തമാകുന്നത്. 

പിന്നാലെ സിപിഎം നേതൃത്വം ഇടപെടുന്നുമുണ്ട്. അഭിപ്രായ – മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്ക് ഭീഷണിയാകുന്നത് ഒഴിവാക്കും. ഒാര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തല്‍ക്കാലം ആലോചനയില്ല. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തതവരുത്തുമെന്നും നേതൃത്വം വ്യക്തമാക്കി. 

സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമായ പ്രമോദ് പുഴങ്കര ഇങ്ങനെ എഴുതുന്നു: 

118-A  എന്ന  കേരള പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ്‌ വിട്ടുവീഴ്ചയില്ലാതെ എതിർക്കപ്പെടേണ്ട കരിനിയമമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും ജനാധിപത്യ സമൂഹത്തിനും നേരെയുള്ള ഭരണകൂടത്തിന്റെ നഗ്‌നമായ കടന്നാക്രമണമാണിത്. ഓൺലൈൻ സാമൂഹ്യമാധ്യമങ്ങളിലെ വ്യക്ത്യാധിക്ഷേപങ്ങളെ തടയാനെന്ന പേരിൽ ജനാധിപത്യ നിയമവാഴ്ച്ചയെ നോക്കുകുത്തിയാക്കിക്കൊണ്ട് പൊലീസിനെ കയറൂരിവിട്ട് പൗരസമൂഹത്തെ നിരന്തരമായ നിരീക്ഷണത്തിനു കീഴിൽ നിർത്താനുള്ള ഭരണകൂട നീക്കമാണിത്. കോൺഗ്രസ് നേതൃത്വത്തിലുള്ള UAPA കേന്ദ്ര സർക്കാർ 2009-ൽ IT  നിയമത്തിലെ ഒരു ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത 66-A എന്ന ഉപവകുപ്പ് ഭരണഘടനയുടെ 19(1) (a) അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കണ്ടു സുപ്രീം കോടതി റദ്ദാക്കിയപ്പോൾ, കേരള പൊലീസ് നിയമത്തിലെ  അതേ മാതൃകയിലുള്ള 118 (D )യും അതേ കാരണങ്ങൾകൊണ്ട് റദ്ദാക്കിയിരുന്നു. അതാണ് ഇപ്പോൾ കൂടുതൽ ഭീകര സ്വഭാവത്തോടെ സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത്. ഈ നിയമഭേദഗതി നിഷ്ക്കളങ്കമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. 

പുതിയ നിയമഭേദഗതിയനുസരിച്ച്. ഏതു തരത്തിലുള്ള ആശയവിനിമയവും ആരുടെയെങ്കിലും "കീർത്തി" (Reputation ) ഹനിക്കുന്നതാണെന്നു 'ആർക്കെങ്കിലും' തോന്നിയാൽ കേസെടുത്ത് മൂന്നു  കൊല്ലം വരെ തടവും 10000 രൂപ പിഴയും കിട്ടാവുന്ന ശിക്ഷയായി മാറുന്നു. മറ്റാർക്കും തോന്നിയില്ലെങ്കിലും, എന്തിനു 'കീർത്തി' ഹനിക്കപ്പെട്ടയാൾക്കു വരെ തോന്നിയില്ലെങ്കിലും സ്ഥലത്തെ പൊലീസ് ഏമാന് തോന്നിയാൽ പൊലീസിന് നേരിട്ട് കേസെടുക്കാം എന്നതാണ്. എന്തെങ്കിലും തരത്തിലുള്ള ആശയ വിനിമയ ഉപാധികളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളൊക്കെ ഇതിലുൾപ്പെടുന്നു. അതായത് കോഴമാണി എന്ന് വിളിച്ചത് മുതൽ നരേന്ദ്ര മോദിയെ ഹിന്ദുത്വ ഭീകരവാദി എന്ന് വിളിക്കുന്നതടക്കം സ്ഥലത്തെ പൊലീസ് ദിവ്യന്മാർക്ക് നിങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനുള്ള കാരണങ്ങളാണ്. പരാതിക്കാരൊന്നും വേണമെന്നില്ല. 

വാർത്താമാധ്യമങ്ങളെ മാത്രമല്ല ഒരു ജനാധിപത്യ സമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ പൗരസംവാദ വ്യവഹാരങ്ങളെയടക്കം ഇല്ലാതാക്കാനാണ് ഈ നിയമം ഉപയോഗിക്കപ്പെടുക. ദിവസങ്ങൾക്കു മുമ്പാണ് കേന്ദ്രത്തിലെ മോദി സർക്കാർ ഏതാണ്ടിതേ പോലെ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള വിജഞാപനം പുറത്തിറക്കിയത്.  കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അതേ ഭാഷയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ കൊണ്ടുവരുന്ന നിയമത്തിലുള്ളതെങ്കിൽ ആ നിയമം നടപ്പാക്കാൻ അനുവാദിക്കാതിരിക്കുക എന്നതാണ് ഒരു ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയമുള്ള സമൂഹത്തിന്റെ സമര കടമ. 

ഇത്രയും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു നിയമഭേദഗതി വ്യാപകമായ ചർച്ചകളില്ലാതെ ഒരു ordinance ലൂടെ കൊണ്ടുവന്ന സർക്കാർ നടപടിതന്നെ നിയമനിർമ്മാണത്തിലെ ജനങ്ങളുടെ നാമമാത്രമെങ്കിലുമുള്ള ഇടപെടൽ അവകാശത്തോടുള്ള വെല്ലുവിളിയാണ്. തിടുക്കപ്പെട്ട് തടുക്കേണ്ട കീർത്തിനഷ്ടം ആർക്കാണുള്ളത് !? 

This ordinance should  be  repealed. It should go   lock, stock  and  barrel. അധികാരത്തോടുള്ള നിരന്തരമായ സമരമാണ് ജനാധിപത്യം. സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിനാണ് ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രധാന സമരം നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും അത് നൽകുന്ന ഭരണഘടനയുടെ സംരക്ഷണത്തിനും ജനാധിപത്യം എന്ന പ്രാഥമിക ആശയത്തിനും വേണ്ടിയാണത്. കേരള സർക്കാരിന്റെ പുതിയ പോലീസ് നിയമ ഭേദഗതി ordinance  ആ സമരത്തിനെതിരെയാണ് അടിസ്ഥാനപരമായി ഉപയോഗിക്കപ്പെടുക. ഇത് തിരിച്ചറിയുന്നില്ലെങ്കിൽ, ഇതിപ്പോൾ പറയുന്നില്ലെങ്കിൽ നിങ്ങൾക്ക് സമഗ്രാധിപത്യത്തിന്റെ നേതൃരൂപങ്ങളുടെ ഛായാചിത്രങ്ങളിൽ മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂ എന്ന് വരും. 

#Repeal118A

.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...