ആ ‘അടി’ വടിയാക്കി സർക്കാർ; ആര് പരാതി നല്‍കിയാലും കേസെടുക്കാം

bhagyalakshmi-police-act-cm
SHARE

സൈബര്‍ ആക്രമണങ്ങളേ നിയന്ത്രിക്കാനെന്ന പേരില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പൊലീസ് നിയമത്തിലെ ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങാവും. സൈബര്‍ മാധ്യമം എന്ന് പരാമര്‍ശിക്കാതെ എല്ലാ വിനിമയോപാധികള്‍ക്കും ബാധകമെന്ന് വ്യക്തമാക്കി വിജ്ഞാപനം പുറത്തിറങ്ങി. വ്യാജ വാര്‍ത്തയെന്ന് ആര് പരാതി നല്‍കിയാലും കേസെടുക്കാന്‍ നിയമഭേദഗതിയോടെ പൊലീസിന് അധികാരമായി.

അശ്ളീല വീഡിയോ പ്രസിദ്ധീകരിച്ചയാള്‍ക്ക് ഭാഗ്യലക്ഷമി നല്‍കിയ ആ അടി സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള വടിയാക്കി മാറ്റി പിണറായി വിജയന്‍ സര്‍ക്കാര്‍. ഈ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പാക്കുന്ന പൊലീസ് നിയമ ഭേദഗതി മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഭരണകക്ഷിയായ സി.പി.ഐ പോലും ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. 

എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞതല്ല സത്യമെന്ന് വിഞ്ജാപനമിറങ്ങിയതോടെ വ്യക്തമായി. രണ്ട് തരത്തിലാണ് നിയമഭേദഗതിയില്‍ അപകടം ഒളിഞ്ഞിരിക്കുന്നത്. സൈബര്‍ മീഡിയ എന്നതിന് പകരം എല്ലാതരത്തിലുമുള്ള വിനിമയോപാധി എന്നാണ് എഴുതിയിരിക്കുന്നത്. ഇതോടെ പത്ര ദൃശ്യ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങി, ഫേസ്ബുക്കും ട്വിറ്ററും അടക്കം സമൂഹമാധ്യമ അക്കൗണ്ടുകളുമെല്ലാം നിയമപരിധിയിലാവും. ഇവയില്‍ വരുന്ന വാര്‍ത്തയും ചിത്രവും ദൃശ്യവും അടക്കം ഏത് തരത്തിലുള്ള ഉള്ളടക്കവും വ്യാജമാണെന്ന് പരാതി ലഭിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന ക്കുറ്റം ചുമത്തി കേസെടുക്കാം. 

മറ്റൊന്ന് ഏതൊരാള്‍ക്കും പരാതി നല്‍കാമെന്ന വ്യവസ്ഥയാണ്. സാധാരണമായി അപമാനിക്കപ്പെട്ട വ്യക്തി നേരിട്ട് പരാതി നല്‍കിയാലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ ഇനി അപമാനിക്കപ്പെട്ടയാളോട് താല്‍പര്യമുള്ളയാളുടെ പരാതിയും നിലനില്‍ക്കും. അതായത് മുഖ്യമന്ത്രിയേ അപമാനിച്ചെന്ന് ഏതൊരാള്‍ പരാതി നല്‍കിയാലും കേസെടുക്കാനാവും.

ന്യായീകരിച്ച് മുഖ്യമന്ത്രി

പൊലീസ് നിയമഭേദഗതിയില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി. അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിനോ എതിരാകില്ലെന്നാണ് വിശദീകരണം. വ്യക്തിഗത ചാനലുകളുടെ ദുരുപയോഗത്തെയും സൈബര്‍ ആക്രമമണങ്ങളെയും നിയന്ത്രിക്കാനാണ് നിയമഭേദഗതി. സിപിഎം കേന്ദ്രനേതൃത്വവും ആശങ്കയറിച്ചതിന് പിന്നാലെയാണ് വിശദീകരണം. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന ഭേദഗതിയില്‍  എല്ലാതരത്തിലുമുള്ള വിനിമയോപാധി എന്നെഴുതിയത് വിവാദമായതോടെയാണ് മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി എത്തിയത്. ഭരണഘടയുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സാമ്പ്രദായിക മാധ്യമങ്ങളെയല്ല, പണത്തിന് വേണ്ടി എല്ലാ പരിധിയും വിടുന്ന വ്യക്തിഗത ചാനലുകളെ  നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ഉദ്ദശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

പൊലീസ് നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍. മാധ്യമങ്ങളുടെ വായമൂടിക്കെട്ടി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും, ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഷ്ട്രീയമായും നിയമപരമായും നേരിടും. മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...