കിഫ്ബിക്കെതിരെ ഇഡി അന്വേഷണം: സർക്കാരിന് വീണ്ടും പ്രഹരം

kiifb-03
SHARE

വിവാദമായ സി.എ.ജി റിപ്പോര്‍ട്ടിനുപിന്നാലെ, കിഫ്ബിയില്‍ എന്‍ഫോഴ്സ്മെന്‍റ്  അന്വേഷണം തുടങ്ങി.  മസാല ബോണ്ടിറക്കി വിദേശത്ത് നിന്ന് വായ്പയെടുക്കാന്‍  അനുമതി നല്‍കിയതിന്‍റെ  വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ആര്‍ബിഐയ്ക്ക് കത്ത് നല്‍കി. വിദേശത്തുനിന്ന് വായ്പയെടുക്കാന്‍ കേന്ദ്രഅനുമതിയുണ്ടോ എന്നും ഫെമ നിയമത്തിന്‍റെ ലംഘനം നടന്നിട്ടുണ്ടോ എന്നുമാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ പ്രാഥമിക പരിശോധന. 

മസാല ബോണ്ടിറക്കി വിദേശത്ത് നിന്ന് കിഫ്ബി 2150 കോടി രൂപ വായ്പയെടുത്തത് ഭരണഘടനാ ലംഘനമാണെന്ന സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ ചുവട് പിടിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാത്തതിനാല്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  കേസ് രജിസ്റ്റര്‍ ചെയ്യാതെയുള്ള പ്രാഥമികമായ വിവരം തേടലാണ് നടക്കുന്നത്. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടിറക്കാനും 2150 കോടി സമാഹരിക്കാനും റിസര്‍വ് ബാങ്ക് അനുമതിയുണ്ടോ എന്നാണ് ആദ്യഘട്ട പരിശോധന.

മസാലാബോണ്ടിന്‍റെ അനുമതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കത്തുകളുടെയും അപേക്ഷകളുടേയും പകര്‍പ്പും മറുപടിയും നല്‍കാന്‍ എന്‍ഫോഴ്സ്മന്‍റ് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. മസാലാബോണ്ടിറക്കാന്‍ എന്‍ഒസി മാത്രമാണുള്ളത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് മതിയെന്നാണ് സര്‍ക്കാരിന്‍റെ വാദം. ഇതില്‍ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ടിന്‍റെ ലംഘനം നടന്നിട്ടുണ്ടോ എന്നും കേന്ദ്രസര്‍ക്കാരിന്‍റെ പ്രത്യേക അനുമതി വേണമോ എന്നും  എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കും. ലംഘനം വ്യക്തമായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് കടക്കും. സംസ്ഥാന സര്‍ക്കാരുകള്‍ വിദേശത്ത് നിന്ന് േനരിട്ട് ധനസമാഹരണം നടത്താന് പാടില്ലെന്ന ഭരണഘടന അനുച്ഛേദം കിബ്ഫി ലംഘിച്ചെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. എന്നാല്‍ സര്‍ക്കാരിന് ബാധകമായ നിയന്ത്രണങ്ങള്‍ കോര്‍പറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...