വിമർശിച്ചവരോട് ചർച്ച നടത്തും; സംവരണ വിവാദത്തില്‍ മറുപടി പറയാൻ സിപിഎം

cpmreservation-03
SHARE

സംവരണവിവാദത്തില്‍ മറുപടി പറയാന്‍ സിപിഎം. ആരോപണങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും വിശദമായി മറുപടി പറയും. വിയോജിപ്പും വിമര്‍ശനവും ഉന്നയിച്ച സമുദായസംഘടനകളുമായി ആശയവിനിമയം നടത്താനും തീരുമാനമായി. സംവരണവിഷയത്തില്‍ വിവിധ സംഘടനകളെ സര്‍ക്കാരിനെതിരെ അണിനിരത്തുന്ന മുസ്ലീം ലീഗിനെതിരായ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടാനും സിപിഎം തീരുമാനിച്ചു.  

തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സിപിഎം ഭൂരിപക്ഷ സമുദായ പ്രീണനം നടത്തുന്നെന്ന ആരോപണത്തിന് മറുപടി പറഞ്ഞുപോകാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം. കഴിഞ്ഞദിവസം മറുപടി പറ‍ഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരെയും കടന്നാക്രമിച്ചിരുന്നില്ല. ഇടതുമുന്നണി പ്രകടനപത്രികയിലുള്ളതാണ് സാമ്പത്തികസംവരണമെന്നും പാര്‍ലമെന്റ് പാസാക്കയ ഭരണഘടനാഭേദഗതി പ്രകാരമാണ് തീരുമാനമെന്നുമാണ് സിപിഎം വാദം. നിലവിലെ ഒരു സംവരണവും ഇതുവഴി ഇല്ലാതാവില്ല. മുന്നാക്ക സംവരണത്തിന്റെ പ്രയോജനം ഹൈന്ദവര്‍ക്കു പുറമെ ക്രിസ്തീയവിഭാഗങ്ങള്‍ക്കും ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും. ഇക്കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും മറ്റ് നേതാക്കളും വരുംദിവസങ്ങളില്‍ വിശദീകരിക്കും. എസ്.എന്‍.ഡി.പി സമീപകാലത്ത് സ്വീകരിക്കുന്ന നിലപാടുകളുടെ തുടര്‍ച്ചയാണ് ഇക്കാര്യത്തിലുമുള്ളതെന്ന് സിപിഎം കരുതുന്നു. 

മുന്നാക്ക സംവരണം നടപ്പാക്കിയതിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന എന്‍.എസ്.എസിനെയും വിമര്‍ശിക്കേണ്ടെന്നാണ് തീരുമാനം. സംവരണം നടപ്പാക്കി തുടങ്ങിയതേയുള്ളെന്നും പ്രായോഗിക തലത്തിലെ പ്രശ്നങ്ങള്‍ അപ്പോള്‍ പരിഗണിക്കാമെന്നുമുള്ള നിലപാടാണ് എന്‍.എസ്.എസ് വിമര്‍ശനത്തോടുള്ളത്. ആശങ്കകളും വിമര്‍ശനങ്ങളും ഉന്നയിക്കുന്ന എ.പി.സുന്നി വിഭാഗം അടക്കമുള്ള സമുദായ സംഘടനകളുമായി ആശയവിനിമയത്തിനും സിപിഎം സന്നദ്ധമാണ്. എന്നാല്‍ രാഷ്ട്രീയമായ വിമര്‍ശനങ്ങളെ ശക്തമായി നേരിടും. പൗരത്വനിയമവുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെ ഇടതുമുന്നണിയോട് അടുത്തവരെ അകറ്റാന്‍ ആസൂത്രിതനീക്കം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നെന്നാണ് സിപിഎം കരുതുന്നത്. വെല്‍ഫയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടുമായുള്ള ലീഗിന്റെ സഹകരണത്തെ പ്രബല മുസ്ലീം സമുദായ സംഘടനകള്‍ അനുകൂലിക്കുന്നില്ലെന്നും സിപിഎം കരുതുന്നു. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് യുഡിഎഫ് നേതൃത്വം കുഞ്ഞാലിക്കുട്ടി–ഹസന്‍–മുനീര്‍ കൂട്ടുകെട്ടിന്റെ കയ്യിലാണെന്ന ആരോപണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...