ഡൽഹിയെ 88 റൺസിന് തകർത്ത് ഹൈദരാബാദ്; മിന്നും പ്രകടനവുമായി സാഹ

ipl-srh-02
SHARE

ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ വിജയം. ഹൈദരാബാദ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19 ഓവറിൽ 131 റൺസിലൊതുങ്ങി. ഡൽഹിക്ക് 88 റൺസ് ജയം. ഹൈദരാബാദിനു വേണ്ടി റാഷിദ് ഖാൻ മൂന്നു വിക്കറ്റും, സന്ദീപ് ശർമ, ടി. നടരാജൻ എന്നിവർ രണ്ടു വിക്കറ്റും, ഷഹബാസ് നദീം, വിജയ് ശങ്കർ, ജെയ്സൻ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റും നേടി. 36 റൺസെടുത്ത ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ് സ്കോറർ. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ്. ഡൽഹി 19 ഓവറിൽ 131 റൺസിന് ഓൾഔട്ട്. 

120 പന്തിൽ 220 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഡൽഹിയ്ക്ക് തുടക്കത്തിലേ പിഴച്ചു. ഇന്നിങ്ങിലെ മൂന്നാം പന്തിൽ റണ്ണൊന്നുമെടുക്കാതെ ശിഖർ ധവാൻ പുറത്ത്. സന്ദീപ് ശർമയുടെ ബോളിങ്ങിൽ ധവാന്റെ ബാറ്റിൽ തട്ടിയുയർന്ന പന്ത് ഡേവിഡ് വാർണർ കൈകളിലൊതുക്കുകയായിരുന്നു. ടീം സ്കോർ 14 ആയപ്പോൾ ഷഹബാസ് നദീമിന്റെ ബോളിങ്ങിൽ വാർണർ ക്യാച്ചെടുത്ത് മാർക്കസ് സ്റ്റോയ്നിസും (5 റൺസ്) പുറത്തായി.

അജിൻക്യ രഹാനെയും ഷിംറോൺ ഹെറ്റ്മെയറും ചേർന്ന് സാവധാനം സ്കോർ ഉയർത്തി. ആറാം ഓവറിൽ ഡൽഹി സ്കോർ 50 കടന്നു. ഏഴാം ഓവറിൽ റാഷിദ് ഖാൻ ഡൽഹിയ്ക്ക് ഇരട്ടപ്രഹരമാണേൽപ്പിച്ചത്. ആദ്യ പന്തിൽ ബോൾഡായി ഹെറ്റ്മെയറും (16 റൺസ്), അ‍ഞ്ചാം പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി അജിൻക്യ രഹാനെയും (26 റൺസ്) മടങ്ങി.

വിക്കറ്റുകൾ തുടരെ വീണതോടെ ഡൽഹി പൂർണമായും പ്രതിരോധത്തിലായി. 10 ഓവർ പൂർത്തിയായപ്പോൾ ഡൽഹി 4 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ്. വിജയ് ശങ്കർ എറിഞ്ഞ 12 ാം ഓവറിൽ കെയ്ൻ വില്യംസനു ക്യാച്ച് നൽകി ക്യാപ്റ്റൻ ശ്രേയസ് അയ്യരും (7 റൺസ്) മടങ്ങി. 13 ാം ഓവറിൽ റാഷിദ് ഖാന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് അക്സർ പട്ടേലും (1 റൺ) മടങ്ങി. പകരക്കാരൻ ഫീൽഡർ പ്രിയം ഗാർഗ് ക്യാച്ചെടുത്താണ് അക്സർ പട്ടേൽ പുറത്തായത്.

ഒരറ്റത്ത് ഋഷഭ് പന്ത് പ്രതിരോധിച്ചു നിന്നെങ്കിലും മറുവശത്ത് തുടരെ വിക്കറ്റുകൾ വീണതോടെ റൺ നേടുന്നതിൽ ഡൽഹി ബുദ്ധിമുട്ടി. ഇതിനിടെ മികവുറ്റ ബോളിങ് പ്രകടനവുമായി റാഷിദ് ഖാൻ നാല് ഓവർ പൂർത്തിയാക്കി. 4 ഓവറിൽ ഏഴു റൺസ് മാത്രം വഴങ്ങിയാണ് റാഷിദ് ഖാൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയത്. റാഷിദ് ഖാൻ എറിഞ്ഞ 24 പന്തുകളിൽ 17 –ലും ഹൈദരാബാദ് ബാറ്റ്സ്മാന്മാർക്കു റണ്ണെടുക്കാനായില്ല.

15 ഓവർ പൂർത്തിയായപ്പോൾ ഡൽഹി 6 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ്. തൊട്ടടുത്ത ഓവറിൽ ഡൽഹി സ്കോർ 100 റൺസ് തികച്ചു. അതേ ഓവറിൽ കഗിസോ റബാഡയെ (3 റൺസ്) ടി. നടരാജൻ ബൗൾഡാക്കി. തൊട്ടടുത്ത ഓവറിൽ സന്ദീപ് ശർമയ്ക്കു വിക്കറ്റ് സമ്മാനിച്ച് ഋഷഭ് പന്തും (35 പന്തിൽ 36 റൺസ്) മടങ്ങി.

17 ഓവർ പൂർത്തിയായപ്പോൾ ഡൽഹി 8 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ്. ഡൽഹിയ്ക്ക് 18 പന്തിൽ ജയിക്കാൻ വേണ്ടത് 110 റൺസ്. ഓരോ ഓവറിലും 35 റൺസിനു മേൽ നേടണമെന്ന നിലയിലായി ഡൽഹി. അവസാന ഓവറുകളിൽ തുഷാർ ദേശ്പാണ്ഡെ ബൗഡറികൾ പായിച്ചെങ്കിലും വൈകിപ്പോയിരുന്നു. ജെയ്സൻ ഹോൾഡർ എറിഞ്ഞ 18 ാം ഓവറിലെ അവസാന പന്തിൽ അബ്ദുൽ സമദ് ക്യാച്ചെടുത്ത് ആർ. അശ്വിൻ (7 റൺസ്) പുറത്തായി. പിന്നാലെ ടി. നടരാജന്റെ പന്തിൽ പ്രിയം ഗാർഗ് ക്യാച്ചെടുത്ത് ആൻറിച്ച് നോർജെ (1 റൺ) പുറത്തായതോടെ ഹൈദരാബാദിന്റെ വിജയം പൂർണം. തുഷാർ ദേശ്പാണ്ഡെ (20 റൺസ്) പുറത്താകാതെ നിന്നു. 

നേരത്തെ, വൃദ്ധിമാൻ സാഹയും ബർത്ത്ഡേ ബോയ് ഡേവിഡ് വാർണറും ചേർന്നു ഓപ്പണിങ് വിക്കറ്റിൽ പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടിന്റെ മികവിലാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ നേടിയത്. വൃദ്ധിമാൻ സാഹ (87 റൺസ്), ഡേവിഡ് വാർണർ (66 റൺസ്), മനീഷ് പാണ്ഡെ (പുറത്താകാതെ 44 റൺസ്) എന്നിവരുടെ ബാറ്റിങ് മികവിൽ ഹൈദരാബാദ് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു.

ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഡേവിഡ് വാർണർ – വൃദ്ധിമാൻ സാഹ ഓപ്പണിങ് കൂട്ടുകെട്ട് തകർപ്പൻ തുടക്കമാണ് ഹൈദരാബാദിനു നൽകിയത്. 5 ാം ഓവറിൽ ഹൈദരാബാദ് സ്കോർ 50 കടന്നു. തൊട്ടടുത്ത ഓവറിൽ വാർണർ അർധശതകം തികച്ചു. 25 പന്തിൽ രണ്ടു സിക്സും ആറു ഫോറും സഹിതമാണ് വാർണർ അർധ സെഞ്ചുറി നേടിയത്. ഐപിഎലിലെ ഈ സീസണിൽ പവർപ്ലേയിൽ  അർധ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് വാർണർ.

കഗിസോ റബാഡ എറിഞ്ഞ ആറാം ഓവറിൽ ഒരു സിക്സും നാലു ഫോറുമുൾപ്പെടെ 22 റൺസാണ് വാർണർ അടിച്ചുകൂട്ടിയത്. 9 ാം ഓവറിൽ ഹൈദരാബാദ് സ്കോർ 100 കടന്നു. ഓവറിൽ 11–ലേറെ റൺ റേറ്റിലായിരുന്നു ഹൈദരാബാദിന്റെ കുതിപ്പ്. 10 ാം ഓവർ വാർണർ വീണു. അശ്വിന്റെ ബോളിങ്ങിൽ അക്സർ പട്ടേൽ ക്യാച്ചെടുക്കുകയായിരുന്നു. 34 പന്തിൽ രണ്ടു സിക്സും എട്ടു ഫോറും സഹിതം 66 റൺസാണ് വാർണർ നേടിയത്. 107 റൺസ് നേടിയ ശേഷമാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്.

വാർണർ പുറത്തായതോടെ കടന്നക്രമണത്തിന്റെ ചുമതല വൃദ്ധിമാൻ സാഹ ഏറ്റെടുത്തു. പത്ത് ഓവർ പൂർത്തിയായപ്പോൾ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിലെത്തി. തൊട്ടടുത്ത ഓവറിൽ വൃദ്ധിമാൻ സാഹ അർധ സെഞ്ചുറി തികച്ചു. 13 ാം ഓവറിൽ ഹൈദരാബാദ് സ്കോർ 150 കടന്നു. ആൻറിച്ച് നോർജെ എറിഞ്ഞ 15 ാം ഓവറിൽ ശ്രേയസ് അയ്യർ ക്യാച്ചെടുത്ത് വൃദ്ധിമാൻ സാഹയെ മടക്കി. 45 പന്തിൽ രണ്ടു സിക്സും 12 ഫോറുമുൾപ്പെടെ 87 റൺസെടുത്താണ് സാഹ മടങ്ങിയത്. 67 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് വൃദ്ധിമാൻ സാഹ - മനീഷ് പാണ്ഡെ സഖ്യം പിരിഞ്ഞത്. 15 ഓവർ പൂർത്തിയായപ്പോൾ ഹൈദരാബാദ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 175 റൺസ്. 

മനീഷ് പാണ്ഡെയാണ് തുടർന്ന് ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. 18 ാം ഓവറിൽ ഹൈദരാബാദ് സ്കോർ 200 കടന്നു. 20 ഓവർ പൂർത്തിയായപ്പോൾ ഹൈദരാബാദ് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മനീഷ് പാണ്ഡെ 31 പന്തിൽ ഒരു സിക്സും 4 ഫോറുമുൾപ്പെടെ 44 റൺസോടെയും കെയ്ൻ വില്യംസൻ 10 പന്തിൽ ഒരു ഫോറുമുൾപ്പെടെ 11 റൺസോടെയും പുറത്താകാതെ നിന്നു. ഡൽഹിയ്ക്കു വേണ്ടി ആർ. അശ്വിൻ, ആൻറിച്ച് നോർജെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...