തിരഞ്ഞെടുപ്പ് ചൂടിൽ തിരു.കോര്‍പറേഷന്‍; ഇഞ്ചോടിച്ച് പോരാടാൻ മുന്നണികൾ

TVM-Election-01
SHARE

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മല്‍സരിക്കേണ്ട എന്നാണ് ധാരണ. മികച്ച പ്രകടനം നടത്തിയ കൗണ്‍സിലര്‍മാര്‍ക്ക് ബിജെപി വീണ്ടും അവസരം നല്‍കും. ഡിസിസി അംഗങ്ങളടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മല്‍സരരംഗത്തുണ്ടാകും. സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവമായതോടെ തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ചൂടിലായി.

എല്‍ഡിഎഫ് 44, ബിജെപി 34, യുഡിഎഫ് 21 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഇത്തവണയും സീറ്റ് നിര്‍ണയ ചര്‍ച്ചകളില്‍ മുന്നില്‍ ഇടതുമുന്നണിയാണ്. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിക്കും. മേയര്‍ കെ.ശ്രീകുമാര്‍ മല്‍സരിക്കുന്നെങ്കില്‍ ഇത്തവണ കരിക്കകം വാര്‍ഡിലായിരിക്കും. മേയര്‍ സ്ഥാനം വനിതയ്ക്കായതിനാല്‍ സിപിഎം സംസ്ഥാന സമിതിയംഗം അടക്കം മല്‍സരിക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും സിപിഎം കേന്ദ്രങ്ങള്‍ നിഷേധിച്ചു. 

സിപിഎം സ്ഥാനാര്‍ഥികളാരെന്നറിയാന്‍ കാത്തിരിക്കുകയാണ് ബിജെപി. കോര്‍പറേഷന്‍ സ്ഥിരം സമിതിയില്‍ അംഗങ്ങളായ വനിതകളില്‍ ഒരാളെ ഭരണംകിട്ടിയാല്‍ മേയറാക്കാനാണ് ആലോചന. മികച്ച പ്രകടനം നടത്തിയ കൗണ്‍സിലര്‍മാരെ അവരുടെ വാര്‍ഡിലോ പുതിയ വാര്‍ഡുകള്‍ പിടിച്ചെടുക്കാനോ നിയോഗിക്കും. സര്‍ക്കാരിനെതിരായ സമരങ്ങളില്‍ വീറുകാണിച്ച വനിതകളും പരിഗണനയിലുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയം പാളിയതാണ് കഴിഞ്ഞ തവണത്തെ തിരിച്ചടിക്കു കാരണമെന്ന് വിലയിരുത്തുന്ന ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ വാര്‍ഡ് സമിതികളുടെ നിര്‍ദേശങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ പരിഗണിക്കണമെന്നാണ് നിര്‍ദേശം. ഘടകകക്ഷികള്‍ക്കിടയില്‍ സീറ്റുവിഭജനം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഈ മാസം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. 

ബിജെപി തൊട്ടടുത്തുണ്ടെന്ന തിരിച്ചറിവ് സിപിഎമ്മിനും ഒന്നാഞ്ഞുപിടിച്ചാല്‍ തിരുവനന്തപുരം പോരുമെന്ന ചിന്ത ബിജെപിക്കുമുണ്ട്. കോര്‍പറേഷനില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. നൂറുവാര്‍ഡുകളിലും കടുത്ത ത്രികോണ മല്‍സരം നടക്കുമെന്നതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം ഏറെ പ്രധാനം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...