തകർന്നടിഞ്ഞ് ചെന്നൈ; ഷാർജയിൽ മുംബൈക്ക് 10 വിക്കറ്റ് വിജയം

Trent-Boult-wicket-vs-csk.jpg.image.845.440
SHARE

 മുംബൈ ബോളർമാർ തുടങ്ങിവച്ചത് ബാറ്റ്സ്മാന്മാർ അവസാനിപ്പിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 115 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് 13ാം ഓവറിന്റെ രണ്ടാം പന്തിൽ ലക്ഷ്യം കണ്ടു. പത്ത് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഓപ്പണർമാരായ ഇഷാൻ കിഷാൻ ( 37 പന്തിൽ 68), ക്വിന്റൻ ഡി കോക്ക് (46 പന്തിൽ 37) എന്നിവർ പുറത്താകാതെ നിന്നു. 

 ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയെ 18 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് 114 റൺസിൽ ഒതുക്കിയത്. അർധസെഞ്ചുറി തികച്ച സാം കറന്റെ (47 പന്തിൽ 52) രക്ഷാപ്രവർത്തനമാണ് ചെന്നൈയെ വലിയ ദുരന്തത്തിൽനിന്ന് രക്ഷിച്ചത്. ജസ്പ്രീത് ബുമ്രയും രാഹുൽ ചാഹറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതായി. ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിക്കുകയും ചെയ്തു. 

∙ തകർന്നടിഞ്ഞ് ചെന്നൈ

എന്തൊക്കെ ഭീഷണികളായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ! ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ, ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും ചെറിയ സ്കോർ, ഐപിഎൽ 13–ാം സീസണിലെ ഏറ്റവും ചെറിയ സ്കോർ.... 30 റൺസിനിടെ ആറു വിക്കറ്റുകൾ നഷ്ടമാക്കി നാണക്കേടിന്റെ എല്ലാ റെക്കോർഡുകളും പേരിലാക്കുമെന്ന് കരുതിയ ചെന്നൈയെ ഇംഗ്ലിഷ് താരം സാം കറന്റെ ഒറ്റയാൾ പോരാട്ടം രക്ഷപ്പെടുത്തി. ഒരുവേള 50 പോലും കടക്കില്ലെന്ന് കരുതിയ ചെന്നൈ സ്കോർ 100 പിന്നിട്ടതിന് സാം കറന് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക! സാം കറന്റെ ഒറ്റയാൾ പോരാട്ടത്തിനു പുറമെ ഇമ്രാൻ താഹിർ അവസാന ഓവറുകളിൽ നടത്തിയ ചെറുത്തുനിൽപ്പു കൂടി ചേർന്നതോടെ ചെന്നൈ മുംബൈയ്ക്കു മുന്നിൽ ഉയർത്തിയത് 115 റൺസ് വിജയലക്ഷ്യം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 20 ഓവർ പൂർത്തിയാക്കിയതു തന്നെ അദ്ഭുതമാണ്. ഏഴ് ഓവർ പോലും പിന്നിടും മുൻപ് 30 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കിയ ചെന്നൈ, നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 114 റൺസെടുത്തത്. മൂന്നു പേർ പൂജ്യത്തിന് പുറത്താകുകയും നാലു പേർ മാത്രം രണ്ടക്കം കാണുകയും ചെയ്ത ചെന്നൈ ഇന്നിങ്സിൽ, പൊരുതിനേടിയ അർധസെഞ്ചുറിയുമായി സാം കറൻ ടോപ് സ്കോററായി. 47 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 52 റൺസെടുത്ത കറൻ അവസാന പന്തിൽ പുറത്തായി.

ഇമ്രാൻ താഹിർ 10 പന്തിൽ രണ്ടു ഫോറുകളോടെ 13 റൺസുമായി പുറത്താകാതെ നിന്നു. ഒൻപതാം വിക്കറ്റിൽ കറൻ – താഹിർ സഖ്യം കൂട്ടിച്ചേർത്തത് 43 റൺസ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളതെല്ലാം ചെന്നൈ താരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. മൂന്നു തവണയും എതിരാളികൾ മുംബൈ ഇന്ത്യൻസും. 2013ൽ കൊൽക്കത്തയിൽ ധോണിയും രവിചന്ദ്രൻ അശ്വിനും ചേർന്നും, 2018ൽ മുംബൈയിൽ ഡ്വെയിൻ ബ്രാവോയും ഇമ്രാൻ താഹിറും ചേർന്നും നേടിയ 41 റൺസാണ് പിന്നിലായത്.

മഹേന്ദ്രസിങ് ധോണി (16 പന്തിൽ 16), ഷാർദുൽ താക്കൂർ (20 പന്തിൽ 11) എന്നിവരാണ് ചെന്നൈ നിരയിൽ രണ്ടക്കം കണ്ട മറ്റുള്ളവർ. മുംബൈയ്‌ക്കെതിരെ ചെന്നൈ അവസരം നൽകിയ യുവതാരങ്ങളായ ഋതുരാജ് ഗെയ്ക്‌വാദ്, എൻ. ജഗദീശൻ എന്നിവർ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തി. ഫാഫ് ഡുപ്ലെസി (ഒന്ന്), അമ്പാട്ടി റായുഡു (മൂന്നു പന്തിൽ രണ്ട്), രവീന്ദ്ര ജഡേജ (ആറു പന്തിൽ ഏഴ്), ദീപക് ചാഹർ (0), എന്നിവരും നിരാശപ്പെടുത്തി.

നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ട്രെന്റ് ബോൾട്ടാണ് ചെന്നൈയുടെ ‘ബോൾട്ടൂരി’യത്. ഐപിഎലിൽ ബോൾട്ടിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. 2015ൽ മൊഹാലിയിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതത് രണ്ടാമതായി. ആദ്യ ഓവറിൽത്തന്നെ യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനെ പുറത്താക്കി വിക്കറ്റ് വേട്ട തുടങ്ങിയ ബോൾട്ട്, ഇന്നിങ്സിലെ അവസാന പന്തിൽ ചെന്നൈയുടെ രക്ഷകൻ സാം കറനെ പുറത്താക്കിയാണ് നാലു വിക്കറ്റ് നേട്ടം കൈവരിച്ചത്. ജസ്പ്രീത് ബുമ്ര നാല് ഓവറിൽ 25 റൺസ് വഴങ്ങിയും രാഹുൽ ചാഹർ നാല് ഓവറിൽ 22 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നഥാൻ കൂൾട്ടർനൈലിനാണ് ഒരു വിക്കറ്റ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...