യുഡിഎഫിന്റെ 'വെൽഫെയർ' കൂട്ട് ആയുധമാക്കും: പ്രതിപക്ഷത്തെ നേരിടാൻ സിപിഎം

kodiyeri-chennithala
SHARE

യുഡിഎഫിന് വര്‍ഗീയപാര്‍ട്ടികളുമായുള്ള ബന്ധം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ സിപിഎം തീരുമാനം. എം.എം.ഹസന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ജമാ അത്തെ ഇസ്ലാമി അമീര്‍ കൂട്ടുകെട്ടിന് രമേശ് ചെന്നിത്തല യുഡിഎഫിന്റെ നേതൃത്വം കൈമാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മറുവശത്ത് ആര്‍.എസ്.എസുമായി പ്രാദേശിക കൂട്ടുകെട്ടിനും യുഡിഎഫ് നീക്കം നടത്തുന്നതിനാല്‍ മതനിരപേക്ഷ കേരളം സംരക്ഷിക്കാന്‍ എല്‍ഡിഎഫിന് വോട്ടു ചെയ്യണമെന്ന പ്രചാരണം നടത്താനാണ് തീരുമാനം.  

സ്വര്‍ണക്കടത്ത്–ലൈഫ് മിഷന്‍ കേസുകളും കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രചാരണത്തെ നേരിടാന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയുന്നതിനുപുറമെ യുഡിഎഫിന്റെ വര്‍ഗീയ ബന്ധങ്ങള്‍ പ്രചാരണവിഷയമാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. യുഡിഎഫ് നേതൃത്വം മുസ്ലീം ലീഗിനെ ഏല്‍പ്പിക്കുന്ന അവസ്ഥയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.   

കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍.എസ്.എസ് കാര്യാലയങ്ങള്‍ കയറി ഇറങ്ങുകയാണെന്നും കോടിയേരി പറഞ്ഞു. ഇത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്നത് തടയാന്‍ ഇടതുമുന്നണി ഇനിയും വിപുലീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ വര്‍ഗീയ ശക്തിയായ ലീഗുമായി സഖ്യമുണ്ടാക്കില്ലെന്നും കോടിയേരി പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക അടുത്തയാഴ്ച പുറത്തിറക്കാനും തീരുമാനിച്ചു. 31നകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി നവംബര്‍ അഞ്ചിനകം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും. ഇതേസമയം തദ്ദേശതിരഞ്ഞെടുപ്പില്‍ സ്വാധീനമേഖലകളില്‍ അര്‍ഹമായ പരിഗണനവേണമെന്ന് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്ന് ജോസ് കെ.മാണി പറഞ്ഞു.

പാല സീറ്റിന്റെ കാര്യത്തില്‍ ബലംപിടിക്കാനില്ലെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ പറയാനില്ലെന്ന് മാണി സി.കാപ്പന്‍ പ്രതികരിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...