ഓക്സിജൻ കിട്ടാതെ രോഗിയുടെ മരണം; വിവരങ്ങൾ പൊലീസിന് കൈമാറും

kalamasseri-medicla-college
SHARE

കളമശേരി മെഡിക്കൽ കോളജിലെ ചികിൽസാ പിഴവുമൂലം കോവിഡ് രോഗി മരിച്ചതിൽ പൊലീസ് ആവശ്യപ്പെട്ട വിവരങ്ങൾ ആശുപത്രി അധികൃതർ ഇന്ന് കൈമാറും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിശദാംശങ്ങളും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ലഭിച്ച രണ്ട് പരാതികളിലും പ്രാഥമിക അന്വേഷണം തുടങ്ങും.

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ജൂലൈ ഇരുപതിനുണ്ടായ സി.കെ. ഹാരിസിന്റെ മരണം ചികിൽസാ പിഴവാണെന്ന നഴ്സിങ് ഓഫിസറുടെ ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.  ഫോര്‍ട്ട് കൊച്ചി സ്വദേശി മരിച്ചത് ഓക്സിജന്‍ കിട്ടാതെയെന്നാണ് നഴ്സിങ് ഒാഫിസർ ശബ്ദ സന്ദേശം.ആശുപത്രി സൂപ്രണ്ടിൽനിന്ന് വിവരങ്ങൾ തേടിയ കളമശേരി സി.ഐ. പി.ആർ.സന്തോഷിനോട് ചികിൽസാ പിഴവില്ലെന്ന നിലപാട് ആവർത്തിച്ചതായാണ് വിവരം. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഹാരിസിനെ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇത് സാധൂകരിക്കുന്നതിനായി രോഗികളുടെ ആരോഗ്യ നില സംബന്ധിച്ച് അയക്കുന്ന പ്രതിദിന റിപ്പോർട്ട് അധികൃതർ മാധ്യമങ്ങളെ കാണിച്ചിരുന്നു. മരണത്തിന് തലേദിവസത്തെ ഈ റിപ്പോർട്ടും പൊലീസിനെ കാണിച്ചതായാണ് വിവരം. ചികിൽസാ വിവരങ്ങളും ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങളും കിട്ടുന്ന മുറയ്ക്ക് മൊഴി എടുക്കേണ്ടവരുടെ പട്ടിക തയാറാക്കാനാണ് പൊലീസിന്റെ തീരുമാനം. ബൈഹക്കി, ജമീല എന്നിവരുടെ മരണത്തെക്കുറിച്ച് ലഭിച്ച പരാതിയിലും ഇന്ന് വിശദാംശങ്ങൾ തേടും. അതേസമയം ഹാരിസിന്റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. സമൂഹ മാധ്യമങ്ങളിലെ ആക്രമണത്തെക്കുറിച്ച് ഡോ. നജ്മ സലിം നൽകിയ പരാതിയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...