ജോസ് കെ.മാണിയുടെ മുന്നണി പ്രവേശം; എൽഡിഎഫ് തീരുമാനം ഇന്ന്

jose-kodiyeri-new-meet
SHARE

ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫ് തീരുമാനം ഇന്ന്. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുമെന്ന സൂചന  സിപിഎം നേതൃത്വം ഘടകകക്ഷികള്‍ക്ക് നല്‍കി. സിപിഐയും അനുകൂലിച്ചതോടെ മുന്നണി പ്രവേശനത്തിന് ഇനി തടസമൊന്നുമില്ല. ജോസ് കെ മാണി മുന്നോട്ടു വച്ചിട്ടുള്ള വ്യവസ്ഥകള്‍ എന്തെന്ന് വ്യക്തമാക്കണമെന്ന് എന്‍സിപി മുന്നണിയോഗത്തില്‍ ആവശ്യപ്പെടും.

ഡിസംബര്‍ ആദ്യം തദ്ദേശതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ ജോസ് കെ.മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതില്‍ തീരുമാനം നീളില്ല. സിപിഐയുമായി ചര്‍ച്ച നടത്തിയതിനുപിന്നാലെ മറ്റ് ഘടകകക്ഷികളുമായും സിപിഎം നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

തദ്ദേശതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കൂടി അര്‍ഹമായ പരിഗണന നല്‍കി പ്രാദേശിക തലത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണം എന്ന് നിര്‍ദേശിക്കും.  നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയില്ലെന്നും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ജോസ് കെ.മാണി ഇടതുമുന്നണിയിലേക്ക് വരുന്നതെന്നുമാണ് ഘടകകക്ഷികളെ സിപിഎം അറിയിച്ചിരിക്കുന്നത്. നിയമസഭാ സീറ്റുസംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് മുന്നണി ചര്‍ച്ച ചെയ്തേക്കില്ല. 

അതിനാല്‍ കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ച് സിപിഐയും പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപിയും യോഗത്തില്‍ നിലപാട് പറയില്ല. ഇതേസമയം ജോസ് കെ.മാണി മുന്നോട്ടുവച്ചിരിക്കുന്ന ഉപാധികളും വ്യവസ്ഥകളും മുന്നണി യോഗത്തില്‍ വിശദീകരിക്കാന്‍ എന്‍സിപി ആവശ്യപ്പെടും. അതറിഞ്ഞ ശേഷമാകും നിലപാട് വ്യക്തമാക്കുക. ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിനുശേഷം ആശയവിനിമയം നടത്താത്തതിലും എന്‍സിപിക്ക് നീരസമുണ്ട്. വൈകിട്ട് നാലിന് എ.കെ.ജി സെന്ററിലാണ് മുന്നണി യോഗം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...