ഉദിച്ചുയർന്ന് സൺറൈസേഴ്സ്; റോയൽസിനെതിരെ എട്ടു വിക്കറ്റ് ജയം

PTI22-10-2020_000237A
SHARE

ഈ സീസണിലെ ആദ്യ മുഖാമുഖത്തിൽ രാജസ്ഥാൻ റോയൽസിൽ നിന്നേറ്റ തോൽവിക്ക്, സൺറൈസേഴ്സ് ഹൈദരാബാദ് പലിശ സഹിതം പകരം വീട്ടി. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാനെതിരെ സൺറൈസേഴ്സിന് അനായാസ വിജയം. രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ്, 11 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിജയം എട്ടു വിക്കറ്റിന്. പിരിയാത്ത മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത മനീഷ് പാണ്ഡെ – വിജയ് ശങ്കർ സഖ്യമാണ് ഹൈദരാബാദിന് ആധികാരിക വിജയം സമ്മാനിച്ചത്. 16 റൺസിനിടെ ഓപ്പണർമാരെ നഷ്ടമായ ഹൈദരാബാദിനായി, മൂന്നാം വിക്കറ്റിൽ പാണ്ഡെ – വിജയ് ശങ്കർ സഖ്യം കൂട്ടിച്ചേർത്തത് 140 റൺസ്! അതും വെറും 93 പന്തിൽനിന്ന്!

47 പന്തുകൾ നേരിട്ട മനീഷ് പാണ്ഡെ 83 റൺസുമായി പുറത്താകാതെ നിന്നു. നാലു ഫോറും എട്ട് പടുകൂറ്റൻ സിക്സറുകളും പാണ്ഡെയുടെ ഇന്നിങ്സിന് കരുത്തു പകർന്നു. വിജയ് ശങ്കർ 51 പന്തിൽ ആറു ഫോറുകൾ സഹിതം 52 റൺസുമായി പുറത്താകാതെ നിന്നു. കാർത്തിക് ത്യാഗി എറിഞ്ഞ 19–ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് വിജയ് ശങ്കർ വിജയ റൺ കുറിച്ചത്. ഒപ്പം അർധസെഞ്ചുറിയും പൂർത്തിയാക്കി. ഓപ്പണർമാർ പുറത്തായിട്ടും മനഃസാന്നിധ്യം കൈവിടാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച മനീഷ് പാണ്ഡെയാണ് കളിയിലെ കേമൻ.

സീസണിലെ 10–ാം മത്സരം പൂർത്തിയാക്കിയ ഹൈദരാബാദിന്റെ നാലാം ജയമാണിത്. 11–ാം മത്സരം കളിച്ച രാജസ്ഥാന്റെ ഏഴാം തോൽവിയും. വിജയത്തോടെ 10 മത്സരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി സൺറൈസേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കയറി. രാജസ്ഥാനാകട്ടെ, 11 മത്സരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് വീണു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...