ഹര്‍ഷവര്‍ധനെ വിളിച്ചു; വിമര്‍ശിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു: ആരോഗ്യമന്ത്രി

harsh-vardhan-shailaja-01
SHARE

കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിമര്‍ശിച്ചെന്ന വാര്‍ത്ത കേന്ദ്രമന്ത്രി നിഷേധിച്ചു. ഓണാഘോഷത്തിലെ വീഴ്ച ചൂണ്ടിക്കാട്ടുകയാണ് ഹര്‍ഷവര്‍ധന്‍ ചെയ്തത്.  സംസ്ഥാനത്തിനും ഇതേ നിലപാടാണ്. നവരാത്രി സീസണില്‍ മറ്റുസംസ്ഥാനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും കെ.കെ.ശൈലജ വ്യക്തമാക്കി. 

നവരാത്രി സീസണില്‍ മറ്റുസംസ്ഥാനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്തുന്നതില്‍ കേരളം വിജയിച്ചു. ഒക്ടോബര്‍ വരെയുള്ള മരണനിരക്ക് 0.34 ശതമാനം; ഒക്ടോബറില്‍ ഇതുവരെ 0.28. രോഗവ്യാപനം ഒറ്റയടിക്ക് വര്‍ധിക്കാതെ തടയുകയായിരുന്നു ലക്ഷ്യം, അത് നേടിയെന്നും മന്ത്രി അവകാശപ്പെടുന്നു. 

പരിശോധന ബോധപൂര്‍വം കുറച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിശദീകരിച്ചു. ശാസ്ത്രീയമായാണ് പരിശോധന ക്രമീകരിക്കുന്നത്. ഇനിയും വര്‍ധിപ്പിക്കും. ടെസ്റ്റ് കുറഞ്ഞതുകൊണ്ട് കുഴപ്പമുണ്ടായില്ല എന്നതിന് തെളിവാണ് കുറഞ്ഞ മരണനിരക്ക്. ലക്ഷണമുള്ളവരേയും അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരേയുമാണ് പരിശോധിക്കുന്നത്. സെല്‍ഫ് ലോക്ഡൗണ്‍ വേണം. ജനങ്ങള്‍ സ്വയം നിയന്ത്രണം വര്‍ധിപ്പിക്കണം. മരണനിരക്ക് പിടിച്ചുനിര്‍ത്തുന്നതിലാണ് കോവിഡ് പ്രതിരോധത്തിന്റെ വിജയമെന്നും മന്ത്രി അവകാശപ്പെട്ടു. 

കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധൻ പറഞ്ഞത്

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ചസംഭവിച്ചെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. ഇളവുകളും ഒാണാഘോഷവും കോവിഡ് വ്യാപിപ്പിച്ചു. കേരളത്തിന്റെ വീഴ്ചയില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ഹര്‍ഷര്‍ധന്‍ പറഞ്ഞു. അതേസമയം, രാജ്യത്ത് കോവിഡ് രോഗമുക്തര്‍ 66 ലക്ഷത്തിന് അടുത്തെത്തി. ഇന്നലെ മാത്രം 72,614 പേര്‍ക്ക് രോഗംഭേദമായി. രോഗമുക്തി നിരക്ക് 88 ശതമാനമായി ഉയര്‍ന്നു. 

കോവിഡ് പ്രതിരോധനടപടികള്‍ വിശദമാക്കുന്ന പ്രതിവാര സണ്‍ഡെ സംവാദ് പരിപാടിയിലാണ് കേരളത്തെ എടുത്തുപറഞ്ഞുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ വിമര്‍ശനം. തുടക്കത്തില്‍ കോവിഡ് രോഗത്തെ പിടിച്ചുനിര്‍ത്തിയ സംസ്ഥാനമാണ് കേരളം. എന്നാല്‍, ഓണാകാലത്ത് ജനങ്ങള്‍ പലയിടത്തും വന്‍തോതില്‍ സംഘടിച്ചു. നിയന്ത്രണങ്ങളിലെ ഇളവുകളിലും വീഴ്ചയുണ്ടായി. അതിന്റെ വിലയാണ് കേരളം ഇപ്പോള്‍ നല്‍കുന്നത്. 

നിലവില്‍ കേരളത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 17.31 ശതമാനമാണ്. രാജ്യത്തിന്റെത് 8 ശതമാനവും. അതായത് രാജ്യത്ത് നൂറുപേരെ പരിശോധിക്കുമ്പോള്‍ എട്ടുപേരില്‍ രോഗം കണ്ടെത്തുന്നുവെങ്കില്‍ കേരളത്തില്‍ അത് 17 പേരിലാണ്. പ്രതിദിന രോഗികളുടെ കാര്യത്തിലും കേരളം മുന്നിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ച 61,871 കേസുകളില്‍ 15 ശതമാനവും കേരളത്തിലാണ്. അതേസമയം, രാജ്യത്ത് ആകെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ രണ്ടുമാസത്തിന് ശേഷം ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്‍ക്ക് രണ്ടാംസ്ഥാനത്തേക്ക് താഴ്‍ന്നു. രണ്ടുദിവസമായി പ്രതിദിന രോഗബാധിതരുടെ കാര്യത്തില്‍ അമേരിക്കയാണ് മുന്നില്‍. ആകെ രോഗബാധിതര്‍ 74,94,551 ആയെങ്കിലും 7,83,311പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്.  ഇന്നലെ മാത്രം 1,033 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,14,031 ആയി ഉയര്‍ന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...