ബാറുകൾ തുറക്കണോ വേണ്ടയോ?; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

bar-01
SHARE

സംസ്ഥാനത്തെ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും എന്നു തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം രാവിലെ 11ന് ചേരും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാമെന്നാണ് യോഗം ചര്‍ച്ച ചെയ്യുക.

മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ എക്സൈസ് മന്ത്രി, കമ്മിഷണര്‍, ബവ്റിജസ് കോര്‍പറേഷന്‍ എം.ഡി, നികുതി വകുപ്പ് സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ എങ്ങനെ നിയന്ത്രണങ്ങള്‍ പാലിച്ച് ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാം എന്നതാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.

ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. മാനദണ്ഢങ്ങള്‍ പാലിച്ച് ഇവ തുറക്കാമെന്നു കാണിച്ച് എക്സൈസ് കമ്മിഷര്‍ നല്‍കിയ ഫയല്‍ എക്സൈസ് മന്ത്രി രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല.

പ്രതിദിന രോഗികള്‍ പതിനായിരം കടന്നു നില്‍ക്കുമ്പോഴാണ് ബാറില്‍ വീണ്ടും ചര്‍ച്ചയെത്തുന്നത്. സംസ്ഥാനത്ത് 602 ബാറുകളും 350 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് ഉള്ളത്. ബാര്‍ തുറന്നാല്‍ മദ്യം പാഴ്സല്‍ വില്‍ക്കുന്നത് നിര്‍ത്തുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...