ബാറുകള്‍ ഉടന്‍ തുറക്കില്ല; കോവിഡ് വ്യാപനം കുറഞ്ഞ ശേഷം ആലോചിക്കും

bar-02
SHARE

സംസ്ഥാനത്തെ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും ഉടന്‍ തുറക്കില്ല.  മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇപ്പോള്‍ ബാറുകള്‍ തുറന്നാല്‍ രോഗവ്യാപനത്തിനു കാരണമായേക്കുമെന്ന ആരോഗ്യ വകുപ്പിന്‍റെ ആശങ്ക കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.

എക്സൈസ് മന്ത്രി, കമ്മിഷണര്‍, ബവ്റിജസ് കോര്‍പറേഷന്‍ എം.ഡി, നികുതി വകുപ്പ് സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇപ്പോള്‍ ബാറുകള്‍ തുറക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്നു ആരോഗ്യവകുപ്പ് യോഗത്തെ അറിയിച്ചു. മാത്രമല്ല പ്രതിദിന കണക്കുകള്‍ പതിനായിരം കടക്കുന്നു,  സമ്പര്‍ക്കം വ്യാപനം അതിരൂക്ഷമായി തുടരുന്നു എന്നിവയും കണക്കിലെടുത്തു. 

ബാറുകളില്‍  സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക പ്രയാസമാണെന്നു പൊലീസും യോഗത്തെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ച് കോവിഡ് കണക്കുകളില്‍ കുറവു വരുന്നതുവരെ നിലവിലെ സ്ഥിതി തുടരട്ടെയെന്നു മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.   ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. മാനദണ്ഢങ്ങള്‍ പാലിച്ച് ഇവ തുറക്കാമെന്നു കാണിച്ച് എക്സൈസ് കമ്മിഷര്‍ നല്‍കിയ ഫയല്‍ എക്സൈസ് മന്ത്രി നേരത്തെ മുഖ്യമന്ത്രിക്ക് കൈമാറി. ഇതെല്ലാം പരിഗണിച്ചാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...