'ഇന്ത്യയെ എത്രകാലം അകറ്റിനിര്‍ത്തും?'; യുഎന്നിൽ ശബ്ദമുയർത്തി മോദി

modi-un
SHARE

കോവിഡ് പ്രതിരോധ നടപടികളില്‍ യുഎന്‍ നേതൃത്വത്തെ ചോദ്യം ചെയ്തും രക്ഷാസമിതി സ്ഥിരാംഗത്വത്തിനായി ശബ്ദമുയര്‍ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വാക്സീന്‍ ഉല്‍പ്പാദനശേഷി കോവിഡ് കാലത്ത് മനുഷ്യവംശത്തെ സഹായിക്കാന്‍ വിനിയോഗിക്കുമെന്നും മോദി പൊതുസഭയില്‍ പറഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ അധിക്ഷേപകരമായ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി. 

യുഎന്‍ സ്ഥാപിച്ചപ്പോഴത്തെ ലോകസാഹചര്യം മാറിയെന്ന് പൊതുസഭയുടെ 75ാം സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരാക്രമണങ്ങളില്‍ രക്തപ്പുഴകള്‍ ഒഴുകിയപ്പോള്‍ യുഎന്‍ എന്തുചെയ്തുവെന്ന് മോദി ചോദിച്ചു. കോവിഡ് പ്രതിരോധത്തിനായി ക്രിയാത്മകമായി എന്ത് ഇടപെടലാണ് യുഎന്‍ നടത്തിയത്. യുഎന്നിന്‍റെ ഘടനയില്‍ കലോചിതമായ മാറ്റം വേണം. ഗൗരവതരമായ ആത്മപരിശോധന നടത്തണം. നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന സമിതിയില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ എത്രകാലം അകറ്റിനിര്‍ത്തും. യുഎന്നില്‍ ഇന്ത്യയ്ക്ക് വിപുലമായ പങ്കാളിത്തം ലഭിക്കണം.

ഭീകരതയും ആയുധക്കടത്തും അടക്കം മനുഷ്യവംശത്തിന്‍റെ ശത്രുക്കള്‍ക്കെതിരെ ഇന്ത്യ ശബ്ദമുയര്‍ത്തും. അയല്‍ക്കാര്‍ക്ക് ആദ്യപരിഗണന എന്ന നയത്തിലാണ് മുന്നോട്ടുപോകുന്നതെന്നും മോദി പറഞ്ഞു. പൊതുസഭയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം ഉന്നയിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയുടെ പ്രതിനിധി മിജിറ്റോ വിനിറ്റോ സമ്മേളനം ബഹിഷ്ക്കരിച്ചു. നുണപ്രചാരണങ്ങളും തെറ്റിദ്ധാരണപരത്തലും യുദ്ധത്തിനായുള്ള ആഹ്വാനവുമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്തവന്‍റെ ജല്‍പ്പന്നങ്ങളാണ് കേട്ടതെന്ന് ഇന്ത്യയുടെ പ്രതിനിധി ഇമ്രാന്‍ ഖാന് ചുട്ടമറുപടി നല്‍കി. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമെന്ന് പാക്കിസ്ഥാന്‍. ജമ്മുകശ്മീരിന്‍റെ അനധികൃതമായി കൈവശംവച്ച പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകണമെന്നും ഇന്ത്യ താക്കീതു ചെയ്തു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...