തിരക്ക് അനിയന്ത്രിതമായി; വീട്ടിലെ പൊതുദര്‍ശനം പാതിയില്‍ ഉപേക്ഷിച്ചു

spb-new
SHARE

രാജ്യം മുഴുവന്‍ അലയടിച്ച അല്‍ഭുത ശബ്ദത്തിനുടമ  എസ്.പി ബാലസുബ്രഹ്മണ്യം ഇനി ഓര്‍മ്മ. കോവി‍ഡ് ബാധിച്ചു അന്‍പതു ദിവസം വൈറസിനോടു പൊരുതി ഇന്ന് ഉച്ചയ്ക്കു ഒരുമണിക്കായിരുന്നു അന്ത്യം. കഴിഞ്ഞ നാലിനു നടത്തിയ കോവി‍ഡ് പരിശോധന ഫലം നെഗറ്റീവായിരുന്നുവെന്നും മരണകാരണം ഹൃദയാഘാതമാണെന്നും അദ്ദേഹത്തെ ചികില്‍സിച്ച ചെന്നൈ അമിഞ്ഞിക്കരയിലെ സ്വകാര്യ ആശുപത്രി അറിയിച്ചു. തിരക്ക് അനിയന്ത്രിതമായതിനെത്തുടര്‍ന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദര്‍ശനം പാതിവഴിയില്‍ അവസാനിപ്പിച്ച് ഭൗതികശരീരം റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്ക് മാറ്റി. ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ 11നാണ് സംസ്കാരം. 

വൈറസിനെ തുരുത്തി സാധാരണ ജീവിതത്തിലേക്കു തിരികെ വരുന്നുവന്ന വാര്‍ത്തകള്‍ക്കിടെ ഇന്നലെ വൈകീട്ടാണ് ആശങ്കയുര്‍ത്തിയ മെഡിക്കല്‍ ബുള്ളറ്റിന്‍ എത്തിയത്. ഇരുപത്തിനാലു മണിക്കൂറായി  അതീവ ഗുരുതരാവസ്ഥയിലാണെന്നും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായം പൂര്‍ണതോതില്‍ നല്‌കുന്നതായി പറയുന്ന  ബുള്ളറ്റിനില്‍ തന്നെ  അപകടസൂചനയുണ്ടായിരുന്നു. തൊട്ടുപിറകെ നടന്‍ കമല്‍ഹാസന്‍ ആശുപത്രിയില്‍ ഓടിയെത്തി ഡോക്ടര്‍മാരുമായി സംസാരിച്ചു.സാധാരണ ജീവിതത്തിലേക്കു തിരികെവരുമെന്ന പ്രതീക്ഷയുമായി പതിനെട്ടുമണിക്കൂര്‍  രാജ്യം മുഴുവന്‍  ഒരേ മനസോടെ നടത്തിയ പ്രാര്‍ഥനകള്‍ വിഫലമാക്കി ഉച്ചയ്ക്ക് ഒരുമണിയോടെ അന്ത്യം.  മകന്‍ എസ്.പി ചരനാണ്  വിയോഗ വിവരം പുറത്തുവിട്ടത്.

നാലുമണിയോടെ നുങ്കംപാക്കത്തെ സ്വന്തം വീട്ടിലെത്തിച്ച ഭൗതികശരീരത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആളുകള്‍ ഒഴുകിയെത്തി. വീടിനു ചുറ്റുമുള്ള റോഡുകള്‍ അടച്ച് ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആലോചിച്ച് എട്ട് മണിയോടുകൂടി പൊതുദര്‍ശനം അവസാനിപ്പിച്ചു. ഭൗതികശരീരം റെഡ് ഹില്‍സിലെ താമരപാക്കത്തെ ഫാം ഹൗസിലേക്ക് മാറ്റി. ഫാം ഹൗസിന്റെ സുരക്ഷയ്ക്കായി 500 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഔദ്യോഗിക ബഹുമതികളോടുകൂടെ നാളെ നടക്കുന്ന സംസ്കാര ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കളും മാത്രമേ പ്രവേശനം ഉണ്ടാകൂ. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...