ഇ.ഡി. ഉദ്യോഗസ്ഥന് കോവിഡ്; സ്വര്‍ണകടത്ത് കേസ് അന്വേഷണം അനിശ്ചിതത്വത്തില്‍

ed-covid
SHARE

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിലെ ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ തടസം. പ്രധാന അന്വേഷണ ഉദ്യോഗസ്ഥനടക്കം ക്വാറന്റീനില്‍ പോയി. കേസില്‍ കെ.ടി ജലീലിനെയടക്കം ചോദ്യം ചെയ്ത് അന്വേഷണം മുന്നോട്ട് പോകുമ്പോഴാണ് കോവിഡില്‍ വഴിമുടങ്ങിയത്.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ സ്വര്‍ണക്കടത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഹവാല ഇടപാടുകള്‍ നടത്തിയെന്നുമുള്ള കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടുകളും പ്രതികളുടെയും അടുപ്പക്കാരുടെയും അനധികൃത സ്വത്ത്‌സമ്പാദനവും ഇഡിയുടെ അന്വേഷണത്തില്‍ പെടും. അന്വേഷണം സജീവമായി മുന്നേറുന്നതിനിടെയാണ് കോവിഡ് വില്ലനായത്. അന്വേഷണ സംഘത്തിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ക്ക്  കോവിഡ് ബാധിച്ചതോടെ അന്വേഷണം ഭാഗികമായി തടസപ്പെട്ട സ്ഥിതിയിലാണ്. പ്രധാന അന്വേഷണ ഉദ്യോഗസ്ഥനടക്കം ക്വാറന്റീനിലായതോടെ അന്വേഷണ ഏജന്‍സി മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതികള്‍ തകിടം മറിഞ്ഞു.

നിലവില്‍ ശേഖരിച്ച മൊഴികള്‍ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി തുടങ്ങിയവരെ കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. മറ്റ് ചില ഉന്നതരെക്കൂടി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിനിടെയാണ് കോവിഡ് വില്ലനായത്. കേസില്‍ പ്രാഥമിക അന്വേഷണമാണ് നടക്കുന്നതെന്നും അടുത്തയാഴ്ച ചോദ്യം ചെയ്യല്‍ പുനരാരംഭിക്കുമെന്നുമാണ് എന്‍ഫോഴ്‌സെന്റ് നല്‍കുന്ന വിവരം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...