രോഹിത് കരുത്തിൽ മുംബൈ; കൊൽക്കത്തയെ 49 റൺസിന് തകർത്തു

dk-rohit-01
SHARE

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 49 റൺസിന്റെ തകർപ്പൻ ജയം. മുംബൈ ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. രോഹിത് ശര്‍മയുടെ അർധസെഞ്ചുറിക്കരുത്തിലാണ് മുംബൈ 2020 ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റണ്‍സെടുത്തു. ആദ്യ മത്സരത്തിൽ 33 റൺസെടുത്ത ഓപ്പണർ ക്വിന്റൻ ഡികോക്കിന് രണ്ടാം മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല. രണ്ടാം ഓവറിൽ 1 റൺസ് മാത്രമെടുത്താണ് ഡികോക്ക് പുറത്തായത്. ശിവം മാവിയുടെ പന്തിൽ നിഖിൽ നായിക് ക്യാച്ചെടുത്ത് താരത്തെ പുറത്താക്കി. പതിയെ താളം കണ്ടെത്തുന്ന പതിവ് രീതി ആവർത്തിച്ച രോഹിത് സിക്സുകൾ പറത്തിത്തുടങ്ങിയതോടെ മുംബൈയുടെ ആശങ്കയൊഴിഞ്ഞു. 

മറുവശത്ത് ആറ് ഫോറും ഒരു സിക്സും നേടി സൂര്യകുമാർ യാദവും കളം നിറഞ്ഞു. ഇതോടെ 5.1 ഓവറിൽ മുംബൈ 50 റൺസ് പിന്നിട്ടു.അർധ സെഞ്ചുറിക്കു തൊട്ടുമുൻപ് (47 റൺസ്) സൂര്യകുമാർ യാദവ് റൺഔട്ടായി. എങ്കിലും അർധസെഞ്ചുറി നേടി മുന്നേറിയ രോഹിത് ശർമ  മുംബൈയെ മികച്ച സ്കോറിലേക്കു നയിച്ചു. 39 പന്തുകളിൽനിന്നാണ് രോഹിത് അർധ സെഞ്ചുറി തികച്ചത്. സ്കോര്‍ 147ൽ നിൽക്കെ 13 പന്തിൽ 21 റണ്‍സെടുത്ത സൗരഭ് തിവാരി സുനിൽ നരെയ്ന്റെ പന്തിൽ പാറ്റ് കമ്മിൻസിന് ക്യാച്ച് നൽകി മടങ്ങി. ആറ് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 54 പന്തിൽ 80 റൺസെടുത്താണ് രോഹിത് പുറത്തായത്. ശിവം മാവിയുടെ പന്തിൽ കമ്മിൻസ് ക്യാച്ചെടുത്താണ് രോഹിതിനെയും മടക്കിയത്.

ഐപിഎല്ലിൽ 200 സിക്സുകളെന്ന നേട്ടം അബുദാബിയിൽ രോഹിത് ശർമ പിന്നിട്ടു. ഐപിഎല്ലിൽ ഒരു ടീമിനെതിരെ കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോര്‍ഡും രോഹിതിന്റെ പേരിലായി. കൊൽക്കത്തയ്ക്കെതിരെ 904 റൺസാണ് രോഹിത് ഇതുവരെ നേടിയത്. വമ്പനടികൾ ലക്ഷ്യമിട്ടെത്തിയ ഹാർദിക് പാണ്ഡ്യ നിരാശപ്പെടുത്തി. 19–ാം ഓവറിൽ ഹിറ്റ് വിക്കറ്റായി താരം മടങ്ങി. 13 പന്തിൽ 18 റൺസാണ് പാണ്ഡ്യയുടെ സമ്പാദ്യം.

ഏഴ് പന്തിൽ 13 റൺസുമായി കീറൺപൊള്ളാർഡും മൂന്ന് പന്തിൽ ഒരു റണ്ണുമായി ക്രുനാൽ പാണ്ഡ്യയും പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി യുവതാരം ശിവം മാവി രണ്ട് വിക്കറ്റ് വീഴ്ത്തി. സുനിൽ നരെയ്നും റസ്സലും ഓരോ വിക്കറ്റും സ്വന്തമാക്കി. 3 ഓവറിൽ 34 റണ്‍സ് വിട്ടുകൊടുത്ത മലയാളി താരം സന്ദീപ് വാരിയർക്ക് വിക്കറ്റൊന്നും കിട്ടിയില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...