എൻഐഎയും ജലീലിനെ ചോദ്യം ചെയ്യുന്നു; 6 മണിക്ക് ഹാജരായി; ദൃശ്യങ്ങൾ

jaleel-04
SHARE

മന്ത്രി കെ.ടി.ജലീല്‍ എന്‍ഐഎ ഓഫിസില്‍ ഹാജരായി. സ്വകാര്യ വാഹനത്തിലാണ് ഇത്തവണയും എത്തിയത്. അന്വേഷണസംഘം വിളിപ്പിച്ചതിനെത്തുടര്‍ന്നാണ് ആറുമണിയോടെ ചോദ്യം ചെയ്യലിന് എത്തിയത്. ആദ്യ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് മാത്രമാണ് ലഭിച്ചത്.മന്ത്രി ജലീല്‍ എത്തിയ കാര്‍ സിപിഎം നേതാവിന്റേതാണ്. ആലുവ മുന്‍ എംഎല്‍എ: എ.എം.യൂസഫിന്റേതാണ് വാഹനം ഇഡിക്കു മുന്നില്‍ വ്യവസായിയുടെ വാഹനത്തില്‍ എത്തിയത് വിവാദമായിരുന്നു.

മതഗ്രന്ഥത്തിന്റെ മറവിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നതിനായി എൻഐഎ വിളിപ്പിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണു വെട്ടിക്കുന്നതിനാണ് മന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ പുലർച്ചെ സമയം എൻഐഎ ഓഫിസിൽ ഹാജരായത് എന്നാണ് വ്യക്തമാകുന്നത്. സാധാരണ നിലയിൽ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർ ഓഫിസിൽ എത്തൂ എന്നിരിക്കെയാണ് മന്ത്രി അതിരാവിലെ ഓഫിസിനുള്ളിൽ കടന്നിരിക്കുന്നത്.

ഇന്ന് ഉന്നതരിൽ ഒരാളെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിനായി ദേശീയ ഏജൻസികളിൽ ഒന്നിന്റെ ഉന്നത ഉദ്യോഗസ്ഥൻ കൊച്ചിയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇന്നലെ രാത്രി എൻഫോഴ്സ്മെന്റ് അഭിഭാഷകൻ ഉൾപ്പടെയുളളവർ ഉന്നത ഉദ്യോഗസ്ഥനെ കാണുന്നതിനായി കൊച്ചിയിലെ ഓഫിസിൽ എത്തിയതോടെ മാധ്യമങ്ങളും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ആരെ, എപ്പോൾ ചോദ്യം ചെയ്യാനാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. ഇതിനിടെയാണ് ഇന്നു പുലർച്ചെ മന്ത്രി കെ.ടി. ജലീൽ എൻഐഎ ഓഫിസിൽ എത്തിയിരിക്കുന്നത്.

ഇന്നലെ എൻഐഎ അന്വേഷണ സംഘം ഇഡി ഓഫിസിലെത്തി മന്ത്രി കെ.ടി. ജലീലിന്റെ വിവരങ്ങൾ ശേഖരിച്ച് വിലയിരുത്തിയിരുന്നു. ഇത് ഇന്ന് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് എന്നാണ് വ്യക്തമാകുന്നത്.

മന്ത്രി എൻഐഎ ഓഫിസിൽ എത്തിയതിനു പിന്നാലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇവിടെ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടി പ്രവർത്തകർ ഇവിടെ എത്തി മന്ത്രിക്കെതിരെ പ്രതിഷേധ പ്രകടനം നടത്താനുള്ള സാധ്യത പരിഗണിച്ചാണ് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...