ഇ.ഡി അന്വേഷണം അറിയില്ല; ഒരു രൂപ പോലും നഷ്ടപ്പെട്ടില്ല: കിഫ്ബി സിഇഒ

kifbi-chairman
SHARE

കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണമുളളതായി അറിയില്ലെന്ന് കിഫ്ബി സിഇഒ കെ.എം എബ്രഹാം.ലഭിച്ച പരാതികളില്‍ ഇഡി നടപടി തുടങ്ങി എന്നാണ് കേന്ദ്രധനസഹമന്ത്രി രാജ്യസഭയെ അറിയിച്ചത്. യെസ് ബാങ്കില്‍ നിക്ഷേപിച്ചതില്‍ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല. യെസ് ബാങ്ക് പ്രതിസന്ധിയിലാകും മുന്‍പ് പണം തിരിച്ചെടുത്തിരുന്നുവെന്നും കെ.എം എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. 

കിഫ്‌ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നതായി കേന്ദ്ര സർക്കാർ. 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കിഫ്‌ബി സിഇഒ കെ.എം എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞു.  

ഏറെ വിവാദമായ കിഫ്‌ബിയുടെ യെസ് ബാങ്ക് നിക്ഷേപത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നാണ് കേന്ദ്ര ധനകാര്യ  സഹമന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകിയത്. 250 കോടിയുടെ നിക്ഷേപ ക്രമക്കേട് ആരോപിച്ച് കിഫ്ബിക്കെതിരെയും IRDAI മുൻ ചെയർപേഴ്സണെതിരെയും പരാതി ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു  ഉത്തർപ്രദേശിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എം. പി ജാവേദ് അലി ഖാന്റെ  ചോദ്യം. സ്വകാര്യ ബാങ്കായ  യെസ് ബാങ്കിൽ കിഫ്‌ബി  പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതെന്നാണ് അനുരാഗ് ഠാക്കൂറിന്റെ  മറുപടി. 

കിഫ്‌ബി സി.ഇ.ഒ ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.  കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായി ധനമന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാക്കി. യെസ് ബാങ്കിൽ കിഫ്‌ബിക്ക് 268 കോടി രൂപ നിക്ഷേപമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ 2019 പകുതിയോടെ ബാങ്കിന്റെ റേറ്റിംഗ് ഇടിഞ്ഞതോടെ പണം പിൻവലിച്ചു എന്നായിരുന്നു ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ മറുപടി. സ്വർണ്ണക്കടത്ത് കേസിനു പിന്നാലെ കിഫ്‌ബിക്കെതിരെയും എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത് സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...