ഇന്ത്യ–ചൈന സംഘര്‍ഷം: പ്രതിപക്ഷവുമായി അടച്ചിട്ട ചര്‍ച്ചയ്ക്ക് കേന്ദ്രം

indian-army-01
SHARE

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതിപക്ഷവുമായി അടച്ചിട്ട ചര്‍ച്ചയ്‍ക്കൊരുങ്ങി കേന്ദ്രം. യഥാര്‍ഥ നിയന്ത്രണരേഖയിലെ തല്‍സ്ഥിതിയും സൈന്യത്തിന്റെ തയാറെടുപ്പുകളും പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചു. അതേസമയം, മോസ്കോയിലെ ധാരണയ്‍ക്ക് മുന്‍പ് നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും 200 റൗണ്ടുവരെ വെടിയുതിര്‍ത്തതായി സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 

ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അടച്ചിട്ട ചര്‍ച്ചയ്‍ക്കുള്ള കേന്ദ്രത്തിന്റെ നീക്കം. യഥാര്‍ഥ നിയന്ത്രണരേഖയിലെ തല്‍സ്ഥിതിയും സൈന്യത്തിന്റെ തയാറെടുപ്പുകളും പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും ചര്‍ച്ചയെന്നാണ് സൂചന. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് മാത്രമായിരിക്കും ക്ഷണമെന്നും അറിയുന്നു. 

നേരത്തെ ഗാല്‍വാനില്‍ 20 സൈനികര്‍ വീരമൃത്യുവരിച്ചപ്പോള്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചുച്ചേര്‍ത്തെങ്കിലും ഇന്ത്യന്‍ മണ്ണില്‍ ആരും അതിക്രമിച്ചുകയറിയിട്ടില്ലെന്ന മോദിയുടെ പ്രസ്താവന വിവാദമായിരുന്നു. മോസ്കോയില്‍ പത്തിന് നടന്ന ഇന്ത്യ–ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയ്‍ക്ക് മുന്‍പ് പാഗോംങ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇരുരാജ്യങ്ങളും 200 റൗണ്ട് വരെ വെടിയുതിര്‍ത്തതെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം, ഇന്ത്യന്‍ ഭരണകര്‍ത്താക്കളെയും രാഷ്ട്രീയ നേതാക്കളെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് കെ.സി.വേണുഗോപാല്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. വിഷയം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് പാര്‍ലമെന്ററികാര്യമന്ത്രിക്ക് സഭാഅധ്യക്ഷന്‍ വെങ്കയ്യ നായിഡു നിര്‍ദേശം നല്‍കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...